
കൊച്ചി: കേരളത്തിന്റെ പ്രകൃഭംഗിയും ഇലയിൽ വിളമ്പിയ സദ്യയും ആസ്വദിച്ചപ്പോൾ റോട്ടറി ക്ളബുകളുടെ ആദ്യത്തെ ആഗോള വനിതാ പ്രസിഡന്റ് ജെനിഫർ ഇ. ജോൺസിനൊരു മോഹം. ഇവിടെത്തന്നെ കൂടിയാലോ. അത്ര സുന്ദരമാണ് കേരളമെന്ന് കാനഡ സ്വദേശിനിയായ ജെനിഫർ പറഞ്ഞു.
"സുന്ദരവും മനോഹരവും ഹരിതാഭവുമാണ് കേരളം. എന്തൊരു സൗന്ദര്യം. നല്ല ജനങ്ങൾ. സദ്യയ്ക്ക് നല്ല രുചി. ശരിക്കും ഇഷ്ടമായി." ജെനിഫർ 'കേരളകൗമുദി'യോട് പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാടാണ് കേരളമെന്ന് അറിയിച്ചപ്പോൾ ജെനിഫർ കൂട്ടിച്ചേർത്തത് ഇങ്ങനെ: "ദൈവം നന്നായി സൃഷ്ടിച്ച നാട് തന്നെ."
ആഗോള പ്രസ്ഥാനമായ റോട്ടറി ക്ളബിന്റെ 170 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ആഗോള പ്രസിഡന്റായത്. ചുമതലയേറ്റശേഷം ആദ്യം സന്ദർശിക്കുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽ സന്ദർശിക്കുന്ന നാല് നഗരങ്ങളിൽ ഒന്നാണ് കൊച്ചി. മൂന്നു ദിവസം കൊച്ചിയിലുണ്ട്. പുരുഷന്മാർ മേൽക്കോയ്‌മയുള്ള റോട്ടറിയുടെ മേധാവിയാകുമ്പോൾ എന്താണ് തോന്നലെന്ന ചോദ്യത്തിന് ജെനിഫറിന് മറുപടിയുണ്ട്. "സന്തോഷം, അഭിമാനം, അങ്ങേയറ്റം വിനയം."
ചരിത്രദൗത്യം നിർവഹിക്കുമ്പോൾ എല്ലാവരോടും ചർച്ച ചെയ്യണം. ജനങ്ങൾക്ക് ഗുണകരമായ സേവന, ജീവകാരുണ്യ പ്രവർത്തനങ്ങൾ നിർവഹിക്കണം. പോളിയോ നിർമ്മാർജനമാണ് പ്രധാനപ്പെട്ട ഒരു ദൗത്യം. പോളിയോ ബാധിതർ ഇപ്പോഴുമുണ്ട്. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും കൂടുതൽ പ്രവർത്തനങ്ങൾ നടത്തണം. കൊവിഡ് പൂർണമായി മാറിയിട്ടില്ല. കൊവിഡ് കാലത്ത് നിരവധി പ്രവർത്തനങ്ങൾ നടത്തി. ഇനിയും നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്.
സ്ത്രീശാക്തീകരണം വർദ്ധിപ്പിക്കണം. റോട്ടറിയിൽ 25 ശതമാനമാണ് സ്ത്രീപ്രാതിനിധ്യം. കൂടുതൽ സ്ത്രീകളെ റോട്ടറിയിലേയ്ക്ക് ആകർഷിക്കണം. ഇന്ത്യയിൽ സുസ്ഥിര പരിസ്ഥിതിസംരക്ഷണ പദ്ധതികൾക്കും സാക്ഷരതാ പ്രവർത്തനത്തിനുമാണ് മുൻഗണന. കണ്ടൽച്ചെടികൾ നട്ടുവളർത്തലും സംരക്ഷണവും ഏറ്റെടുക്കും. അഞ്ചു വർഷം കൊണ്ട് നൂറു ശതമാനം സാക്ഷരത കൈവരിക്കാലാണ് ലക്ഷ്യമെന്ന് അവർ പറഞ്ഞു.
മാദ്ധ്യമപ്രവർത്തക
കാനഡയിലെ ഒന്റാറോറിയയിലെ റോട്ടറി ക്ളബ് ഒഫ് വിൻസ്ഡർ റോസ്‌ലാൻഡ് അംഗമാണ് ജെനിഫർ. ടെലിവിഷൻ മാദ്ധ്യമരംഗത്ത് പ്രവർത്തിക്കുന്ന മീഡിയ സ്ട്രീറ്റ് പ്രൊഡക്ഷൻസ് കമ്പനിയുടെ സ്ഥാപകയും പ്രസിഡന്റുമാണ്. 41 ാം വയസിൽ പിടിപ്പെട്ട സ്തനാർബുദത്തെ ധീരമായി പൊരുതിതോൽപ്പിച്ചു. 55 കാരിയായ ജെനിഫർ സേവനപ്രവർത്തനങ്ങൾക്ക് നിരവധി അവാർഡുകളും നേടിയിട്ടുണ്ട്. ഫിസിഷ്യനായ ക്രയാസിച്ചാണ് ഭർത്താവ്. മൂന്നു മക്കളുണ്ട്.