boat

കൊച്ചി: പ്രതിസന്ധിയിലായ മത്സ്യബന്ധന മേഖലയെയും ലക്ഷക്കണക്കിന് തൊഴിലാളികളെയും രക്ഷിക്കാൻ കേരളത്തെ മത്സ്യവറുതി മേഖലയായി പ്രഖ്യാപിച്ച് രക്ഷാ പാക്കേജ് അനുവദിക്കണമെന്ന ആവശ്യം ശക്തം. കാർഷിക മേഖലയിലേതിന് സമാനമായ പാക്കേജ് തീരദേശത്തിനും അനുവദിക്കണം.

ഒരു പതിറ്റാണ്ടിനിടയിൽ കേരളത്തിലെ മത്സ്യോല്പാദനം പകുതിയിൽ താഴെയായി ഇടിഞ്ഞു. കേരളീയരുടെ പ്രധാന മത്സ്യാഹാരമായ മത്തിയുടെ (ചാള) ഉത്പാദനം ഭയാനകമായി തകർന്നു.

2012ലെ 3,99,786 ടണ്ണെന്ന റെക്കാഡ് ലഭ്യതയിൽ നിന്ന് 2021 ൽ 3,267 ടണ്ണായി ഇടിഞ്ഞത് മേഖലയിലാകെ പരിഭ്രാന്തി പരത്തിയതായി മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പാക്കേജ് അനുവദിച്ച് മത്സ്യമേഖലയെ രക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


മത്സ്യലഭ്യത

കുറയുമെന്ന്

മുന്നറിയിപ്പ്

മത്തി കുറയുമ്പോൾ രക്ഷയ്‌ക്കെത്തുന്ന അയിലയുടെ ലഭ്യത മുൻവർഷത്തേക്കാൾ 50 ശതമാനം കുറഞ്ഞു. മത്സ്യ വരൾച്ചയുടേയും തൊഴിലില്ലായ്മയുടേയും സൂചനയാണിതെന്ന് തൊഴിലാളികൾ പറയുന്നു.
ട്രോളിംഗ് നിരോധനം കഴിഞ്ഞാലും മത്സ്യലഭ്യത കുറയുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. മഴമേഘങ്ങൾക്കൊപ്പം തീരക്കടലിൽ മത്തിക്കൂട്ടം എത്തിയിട്ടില്ല. ജനുവരി മുതൽ ഏഴ് മാസം കഴിഞ്ഞിട്ടും ജില്ലയിലെ വലിയ വള്ളങ്ങൾക്ക് (ഇൻ-ബോർഡ്) മത്തി ലഭിച്ചിട്ടില്ല. വിഴിഞ്ഞം ഭാഗത്ത് മാത്രം മേയ് അവസാനം 200 ടണ്ണോളം മത്തി കിട്ടി.

പേയ്ചാള

ഒഴുകുന്നു

കേരളത്തിൽ ലഭിക്കുന്ന മത്തി തമിഴ്‌നാട്ടിലെ നാഗപട്ടണം, കടലൂർ, തൂത്തുക്കുടി, പുതുശേരി എന്നിവിടങ്ങളിൽ നിന്നുള്ളതാണ്. പേയ്ചാള എന്ന് തമിഴർ വിളിക്കുന്ന ചാള അവർ കഴിക്കാറില്ല. ഐസ് നിറച്ച് കേരളത്തിലേയ്ക്ക് വിടുകയാണ് പതിവ്.

കഴിഞ്ഞ വർഷം 30 രൂപ കിലോയ്ക്ക് വിലയുണ്ടായിരുന്ന തമിഴ് മത്തിക്ക് ഇപ്പോൾ 100 മുതൽ 120 രൂപ വരെ അവിടെ വിലയുണ്ട്. മുനമ്പം മത്തി, പുറക്കാട് ചാള തുടങ്ങിയ പേരിൽ അവ 250 -300 രൂപയ്ക്ക് കേരളത്തിൽ വിറ്റഴിക്കുന്നു. 2015 മുതൽ ഒമാനിൽ നിന്ന് തടിച്ചതും രുചി കുറഞ്ഞതുമായ മത്തിയും ഇറക്കുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞവർഷം മുതൽ ഗുജറാത്തിൽ നിന്ന് മത്തി വരുന്നുണ്ട്.


ആന്ധ്ര മത്തി

നാടനാകും

ആന്ധ്രപ്രദേശിലെ കൃഷ്ണ-ഗോദാവരി ഭാഗങ്ങളിലെ കാക്കിനട, യാനം തുടങ്ങിയ സ്ഥലങ്ങളിലും മത്തി പിടിക്കുന്നുണ്ട്. അന്ധ്രയിൽ കിലോയ്ക്ക് 30-40 രൂപയ്ക്ക് തീറ്റ ഫാക്ടറികളിലേക്ക് അയച്ചിരുന്ന മത്തി കേരളത്തിലേയ്ക്ക് 100 രൂപയ്ക്കാണ് കയറ്റിവിടുന്നത്. ചോമ്പാല, ചേറ്റുവ, കാളമുക്ക്, വളഞ്ഞവഴി ഹാർബറുകളിൽ വലിയ ലോറിയിലെത്തിച്ച് ചില്ലറവില്പനയ്ക്ക് നൽകും. വൈപ്പിൽ, പുറക്കാട് മത്തികളെന്ന പേരിൽ കിലോയ്ക്ക് 300- 320 രൂപയ്ക്ക് ഇവ വിറ്റഴിക്കുകയാണ്.