അങ്കമാലി: അങ്കമാലി, കാലടി, അത്താണി, കൊരട്ടി എന്നീ മേഖലകളിലെ പ്രൈവറ്റ് ബസ് തൊഴിലാളികൾ 29 ന് സൂചനാ പണിമുടക്ക് നടത്തും. സേവന വേതന വ്യവസ്ഥകൾ പുതുക്കാത്തതിൽ പ്രതിഷേധിച്ച് സൂചനപണിമുടക്കെന്ന് പ്രൈവറ്റ് ബസ് സംയുക്ത തൊഴിലാളി യൂണിയൻ ഭാരവാഹികൾ അറിയിച്ചു. കൊവിഡനു ശേഷം പൂർണ്ണസ്ഥിതിയിലാകുകയും ബസ് യാത്രാനരിക്ക് വർദ്ധിപ്പിക്കുകയും ചെയ്തിട്ടും 2017 ൽ നടപ്പിലാക്കിയ കൂലി വർദ്ധനവാണ് ഇപ്പോഴും നിലനിൽക്കുന്നത്. സൂചനാ പണിമുടക്കിന് ശേഷവും കൂലി വർദ്ധനവ് നടപ്പിലാക്കിയില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് സംയുക്ത ബസ് തൊഴിലാളി യൂണിയൻ പൊതുയോഗം തീരുമാനിച്ചു. ഐ.എൻ.ടി.യു.സി മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.ടി. പോൾ പൊതുയോഗം ഉദ്ഘാടനം ചെയ്തു. സംയുക്ത യൂണിയൻ കൺവീനർ പി.ജെ വർഗ്ഗീസ് അദ്ധ്യക്ഷനായി. കെ.പി. പോളി, അഡ്വ.വി.എൻ. സുഭാഷ്, അഖിൽ രാജേഷ്, സി.ഐ. ജോസ്, പി.ഒ. ഷിജു, പി.കെ. പൗലോസ്, കെ.എസ്. വിനോദ്, അനിൽകുമാർ, എം.എസ്. ദിലീപ് എന്നിവർ സംസാരിച്ചു.