കളമശേരി: പത്തടിപ്പാലത്ത് മെട്രോ തൂണിന്റെ അറ്റകുറ്റപ്പണി നടന്നിരുന്ന സ്ഥലത്ത് റോഡിന് കുറുകെ സ്ഥാപിച്ചിരിക്കുന്ന ഷട്ടറിൽ തട്ടി ഒരു ബൈക്ക് യാത്രക്കാരൻ മരിക്കാൻ ഇടയായ സംഭവത്തിൽ ഹ്യൂമൻ റൈറ്റ്സ് ഫോറം കേരള പ്രതിഷേധിച്ചു. സംഭവത്തിന് കാരണക്കാരായ കൊച്ചി മെട്രോയും ട്രാഫിക് പൊലീസും നഷ്ടപ്പെട്ട ജീവന്റെ വില നൽകണമെന്നും ഫോറം ആവശ്യപ്പെട്ടു. രാത്രിയിൽ വേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് അപ്രതീക്ഷിത കെണി ഒരുക്കിക്കൊണ്ടാണ് ഷട്ടർ സ്ഥാപിച്ചിരിക്കുന്നത്. ആവശ്യമായ സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങൾ ആയ റെഡ് സിഗ്നലും സൈഡ് ലൈറ്റുകളും അപകട സമയത്ത് ഇല്ലാതിരുന്നതിനാലാണ് മരണം സംഭവിച്ചത്. പ്രതിഷേധ സംഗമം ഫോറം കളമശേരി മണ്ഡലം പ്രസിഡന്റ് കെ.എ. ആന്റണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.കെ.അബ്ദുൽ അസീസ് , സംസ്ഥാന കോഓർഡിനേറ്റർ സജി നമ്പൂതിരി, സംസ്ഥാന വൈസ് പ്രസിഡന്റ് കാദർ മാവേലി, പൊതുപ്രവർത്തകൻ ഇഫ്തിക്കർ , യൂത്ത് വിഭാഗം ജില്ലാ സെക്രട്ടറി നസീർ നെട്ടൂർ, യൂത്ത് ജില്ലാ കോഡിനേറ്റർ നാസർ പി.എ, ജില്ലാ കോ ഓഡിനേറ്റർ ടി.എ ജമാൽ, ജില്ലാ കോ ഓർഡിനേറ്റർ മേരിക്കുട്ടി ജോർജ് എന്നിവർ സംസാരിച്ചു.