vigilence

കൊച്ചി: കെട്ടിട നിർമ്മാണ മറവിൽ കൊച്ചി നഗരത്തിൽ കെട്ടിപ്പൊക്കിയത് നിരവധി വാണിജ്യ സ്ഥാപനങ്ങളെന്ന് വിജിലൻസ് കണ്ടെത്തൽ. രണ്ടും മൂന്നും നിലയുള്ള വാണിജ്യ കെട്ടിടങ്ങളാണ് പടുത്തുയർത്തിയത്. പ്രതിവർഷം ലക്ഷങ്ങൾ നികുതിയായി ലഭിക്കേണ്ടത് 'തുച്ഛവരുമാനമാക്കി' ഉദ്യോഗസ്ഥരുടെ 'മികച്ച സേവന'മാണ് കൊച്ചി കോർപ്പറേഷനിലുൾപ്പെടെ വിജിലൻസ് സംഘം നടത്തിയ ഓപ്പറേഷൻ ട്രൂ ഹൗസിലൂടെ പുറത്തു വരുന്നത്.

പണം വാങ്ങിയുള്ള വഴിവിട്ട നീക്കമാണിതെല്ലാമെന്നാണ് വിജിലൻസ് സംശയിക്കുന്നത്. ഇടനിലക്കാരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. രണ്ട് വർഷത്തെ ഫയലുകൾ മാത്രമാണ് പരിശോധിച്ചത്. വിരമിച്ച ഉദ്യോഗസ്ഥർക്കും പങ്കുള്ളതായാണ് സൂചനകൾ. ക്രമക്കേടുകളുടെ എണ്ണം, പങ്കുള്ള എത്ര ഉദ്യോഗസ്ഥർ തുടങ്ങിയ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അന്വേഷണ റിപ്പോർട്ട് വിജിലൻസ് ‌ഡയറക്ടറുടെ മേശപ്പുറത്താണിപ്പോൾ.

കൊച്ചി കോർപ്പറേഷന് പുറമേ വൈറ്റില, ഇടപ്പള്ളി മേഖലാ ഓഫീസുകളിലും മരട്, തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശേരി മുനിസിപ്പാലിറ്റി ഓഫീസുകളിലുമാണ് വെള്ളിയാഴ്ച മിന്നൽ പരിശോധന നടത്തിയത്. നഗരസഭകളിൽ വീട് നിർമ്മാണത്തിന് കർശന മാനദണ്ഡങ്ങളുണ്ട്. അംഗീകരിച്ച പ്ലാനിന് പകരം കെട്ടിടങ്ങൾക്ക് അനധികൃതമായി അനുമതി നൽകിയെന്നാണ് കണ്ടെത്തൽ. തുടർനടപടിക്ക് വിജിലൻസ് ഡറക്ടറുടെ റിപ്പോർട്ടിന് കാത്തിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ.

 പാർക്കിംഗ് ഗോഡൗണായി
വൈറ്റില, ഇടപ്പള്ളി സോണുകളിലാണ് ഏറ്റവും കൂടുതൽ ക്രമക്കേട്. നിരവധി കെട്ടിടങ്ങളാണ് ചട്ടങ്ങൾ കാറ്റിൽപ്പറത്തി നർമ്മിച്ചത്. കളമശേരിയിൽ മുനിസിപ്പൽ സെക്രട്ടറി അവധി ദിവസം സോഫ്റ്റ്‌വേയർ ഉപയോഗിച്ച് അഞ്ച് വാണിജ്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. കോർപ്പറേഷന് കീഴിലെ ഇരുനില കെട്ടിടങ്ങളുടെ പാർക്കിംഗ് ഏരിയ മറച്ചുകെട്ടി വാണജ്യ സ്ഥാപനങ്ങളാക്കി മാറ്രി. അനുമതിയില്ലാതെയാണ് ഇവിടെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.

 നോട്ടീസ് നൽകും

കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തും. മൊഴിയും കണ്ടെത്തലുകളും പ്രത്യേകം റിപ്പോർട്ടുകളായി വിജിലൻസ് ഡയറക്ടർക്ക് കൈമാറും. ക്രമക്കേടിൽ പങ്ക് വ്യക്തമായാൽ റിപ്പോർട്ട് തുടർനടപടി ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട വകുപ്പിന് കൈമാറും. വകുപ്പുതല നടപടിയായിരിക്കും ആദ്യം സ്വീകരിക്കുക. ചില വിരമിച്ച ഉദ്യോഗസ്ഥരും ക്രമക്കേടിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇവരെയും നോട്ടീസ് നൽകി വിളിപ്പിച്ച് ചോദ്യം ചെയ്യും. ജില്ലാ, റേഞ്ച് യൂണിറ്റിൽ നിന്ന് മൂന്ന്, സ്‌പെഷ്യൽ യൂണിറ്റിൽ നിന്ന് മൂന്ന് തുടങ്ങി ഒമ്പത് സംഘങ്ങളാണ് മിന്നൽ പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.