mohanakumar

കൊച്ചി: കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം ഏർപ്പെടുത്തിയ 'എക്‌സലൻസ് ഇൻ അറ്റ്‌മോസ്‌ഫെറിക് സയൻസ് ആൻഡ് ടെക്‌നോളജി 2022' ദേശീയ പുരസ്‌കാരത്തിന് കൊച്ചി സർവകലാശാലയിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്‌ഫെറിക് റഡാർ റിസർച്ച് ഡയറക്ടർ ഡോ.കെ. മോഹനകുമാറിനെ തിരഞ്ഞെടുത്തു.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഉൾപ്പെട്ട പുരസ്‌കാരം ഈമാസം 27ന് ന്യൂഡൽഹി പൃഥ്വിഭവനിലെ എം.ഒ.ഇ.എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

അന്തരീക്ഷ പഠനരംഗത്തെ പ്രഗത്ഭരായ ശാസ്ത്രജ്ഞർ, അക്കാഡമിക് വിദഗ്ദ്ധർ, എൻജിനിയർമാർ എന്നിവരുടെ സംഭാവനകളെ ആദരിക്കാനാണ് പുരസ്‌കാരം. സർവകലാശാലയിൽ സ്ഥാപിച്ച 200 മെഗാഹെർട്‌സ് ശേഷിയുള്ള ലോകത്തിലെ ആദ്യത്തെ കാലാവസ്ഥാ നിരീക്ഷണ റഡാർ തദ്ദേശീയമായി വികസിപ്പിച്ചതിൽ ഡോ. മോഹനകുമാർ മുഖ്യപങ്ക് വഹിച്ചു.

ഇംഗ്ലീഷ്, റഷ്യൻ, ചൈനീസ് ഭാഷകളിൽ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട പുസ്തകം പ്രസിദ്ധീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രജ്ഞൻ കൂടിയാണ് മോഹനകുമാർ. ബെർലിനിലെ ഫ്രീയേ യൂണിവേഴ്‌സിറ്റിയിലെ വിസിറ്റിംഗ് സയന്റിസ്റ്റും യു.എൻ അഫിലിയേറ്റഡ് സെന്റർ ഫോർസ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി എജ്യുക്കേഷൻ ഇൻ ഏഷ്യ ആൻഡ് ദി പസഫിക്കിന്റെയും ദക്ഷിണ നേവൽ കമാൻഡ് നേവൽ സയൻസ് ആൻഡ് ടെക്‌നോളജിയുടെയും ബോർഡ് ഒഫ് സ്റ്റഡീസ് അംഗമാണ്. പുരസ്‌കാരത്തിനായി ഭൗമശാസ്ത്ര മന്ത്രാലയത്തിലേക്ക് ഡോ. കെ. മോഹനകുമാറിനെ നാമനിർദ്ദേശം ചെയ്തത് കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനനാണ്.