മട്ടാഞ്ചേരി:ഹാജി ഇസ ഹാജി മൂസ മെമ്മോറിയൽ ഹൈസ്കൂൾ അടച്ചുപൂട്ടാനുള്ള മാനേജ്മെന്റ് നീക്കത്തിനെതിരെയുള്ള ശക്തമായ താക്കീതായി മാറി ജനകീയ കൺവെൻഷൻ. സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ട നൂറ് കണക്കിനുപേരാണ് കൺവെൻഷനിൽ അണിചേർന്നത്.

സ്കൂൾ അങ്കണത്തിൽ നടന്ന ജനകീയ കൺവെൻഷൻ കെ.ജെ.മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസരംഗത്ത് സർക്കാർ കൂടുതൽ മെച്ചപ്പെട്ട സൗകര്യം ഒരുക്കുമ്പോൾ സ്കൂൾ അടച്ചുപൂട്ടാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് എം.എൽ.എ പറഞ്ഞു. സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പി.ടി.എയും സ്കൂൾ സംരക്ഷണ സമിതി ഭാരവാഹികളും കെ.ജെ.മാക്സി എം.എൽ.എയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് നിവേദനം നൽകിയിരുന്നു. കൺവെൻഷനിൽ പി.ടി.എ പ്രസിഡന്റ് കെ.ബി.അഷറഫ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ ഡെപ്യൂട്ടി മേയർ കെ.എ.അൻസിയ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ഡിക്സൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ പ്രശാന്ത്, നഗരസഭാ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, സി.പി.എം ഏരിയാ സെക്രട്ടറി കെ.എം.റിയാദ്, കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് പി.എച്ച്. നാസർ, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി സി.എ. ഫൈസൽ, കെ.എം.ഹസൻ, വി.കെ.ജലാൽ, സുൽഫത്ത് ബഷീർ, സലീം ഷുക്കൂർ, എം.എ.താഹ, എം.എ.ആഷിക്ക്,എൻ.കെ.എം. ഷരീഫ്, പി.എ.ഷമീന,റഫീക്ക് ഉസ്മാൻ സേഠ്, എം.കെ. സെയ്തലവി, അസീസ് പട്ടേൽ, എം.എം.സലീം, കെ.ബി.ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു. ഇന്ന് സി.പി.എം കൊച്ചി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. മട്ടാഞ്ചേരിയിലെ സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന എട്ട് പതിറ്റാണ്ടിലധികം പഴക്കമുള്ള വിദ്യാലയമാണ് ഹാജി ഇസ ഹാജി മൂസ സ്കൂൾ. നിലവിൽ എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെ പഠനമുണ്ട്.