വൈപ്പിൻ: എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ 'പൊലി' അഗ്രി ന്യൂട്രീ ഗാർഡൻ പദ്ധതിക്ക് ഹരിതഭംഗിയിൽ തുടക്കം. കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. പദ്ധതി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രവർത്തകർക്കൊപ്പം എട്ടാം വാർഡിലൊരുക്കിയ നിലത്ത് എം.എൽ.എ. പച്ചക്കറിത്തൈകളും നട്ടു.
ഓണക്കാലത്ത് വിഷരഹിത ജൈവ പച്ചക്കറികളുടെ ഉത്പാദനവും കാർഷികവൃത്തിക്ക് വിപുലമായ പ്രോത്സാഹനവും ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിൽ നിന്നുമായി 25,000 വനിതകൾ മത്സരാധിഷ്ഠിത കാർഷികവൃത്തിയിലേക്ക് ഇറങ്ങുന്ന പദ്ധതിക്കാണ് എളങ്കുന്നപ്പുഴയിൽ തുടക്കമായത്.
അയൽക്കൂട്ടങ്ങളിലൂടെ കുറഞ്ഞത് 10 സെന്റ് ഭൂമി വീതം കണ്ടെത്തി കൃഷി വ്യാപിപ്പിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
വെള്ളക്കെട്ട് തുടങ്ങിയ പ്രശ്‌നങ്ങൾ പദ്ധതിക്ക് തടസമാകാതിരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ ഗ്രോബാഗിൽ കൃഷി ചെയ്യുന്നതിന് സംവിധാനമൊരുക്കും. ഏറ്റവും നല്ല രീതിയിൽ കൃഷി ചെയ്യുന്ന സി. ഡി. എസിനും എ.ഡി. എസിനും വ്യക്തികൾക്കും കുടുംബശ്രീ ജില്ലാ മിഷൻ കാഷ് പ്രൈസ് ഉൾപ്പെടെ സമ്മാനിക്കും.
ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ റസിയ ജമാൽ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം. ബി. പ്രീതി, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ, ബ്ലോക്ക് അംഗങ്ങളായ ക്ലാര സൈമൺ, സരിത സനിൽ, എ. കെ. ശശി, സി. ഡി. എസ്. ചെയർപേഴ്‌സൺ സുഗതകുമാരി, എ. ഡി. എസ് ചെയർപേഴ്‌സൺ ഷൈനി, ലിൻസി, സിസിലി, കൃഷി അസിസ്റ്റന്റ് ലക്ഷ്മി രാജീവ് എന്നിവർ പങ്കെടുത്തു.