വരാപ്പുഴ: വാട്ടർ അതോറിറ്റി കുടിവെള്ളം ശേഖരിക്കുന്ന കിണർ ഇടിഞ്ഞുതാഴ്ന്നു. വരാപ്പുഴ പഞ്ചായത്തിൽ വിതരണത്തിനായുള്ള വെള്ളം സംഭരിക്കുന്ന കിണറാണ് ഇന്നലെ പുലർച്ചെ ഇടിഞ്ഞ നിലയിൽ കണ്ടത്.

ആലുവയിൽ നിന്ന് എത്തുന്ന കുടിവെള്ളം സംഭരിക്കുന്നതിനുള്ള ഭൂഗർഭ ടാങ്കിനു പകരമായാണ് കിണർ ഉപയോഗിച്ചു വന്നത്. വെള്ളം ഇതിൽ സംഭരിച്ച ശേഷം വരാപ്പുഴ പഞ്ചായത്തിലും പരിസരങ്ങളിലും വിതരണം ചെയ്യുകയാണ് പതിവ്. മുമ്പ് വെള്ളം സംഭരിച്ചിരുന്ന ഓവർ ഹെഡ് ജലസംഭരണി ഉപയോഗശൂന്യമായതോടെയാണ് കിണറിലേക്കു മാറ്റിയത്.

ഉപേക്ഷിക്കപ്പെട്ട അമ്പതടിയിലേറെ ഉയരമുള്ള സംഭരണി ഇപ്പോൾ അപകട ഭീഷണി ഉയർത്തി നിൽക്കുകയാണ്. അടുത്തയിടെ കിണറും ടാങ്കും മോടിപിടിപ്പിച്ചിരുന്നു. സംഭരണി ഇടിഞ്ഞതോടെ കുടിവെള്ളം മുടങ്ങുമോയെന്ന ആശങ്കയിലാണ് ജനം.