കൊച്ചി: ഡി.ജെ. പാർട്ടികൾക്ക് ഉപയോഗിക്കുന്ന മാരക സിന്തറ്റിക് ലഹരി മരുന്നുകളുമായി അഞ്ച് യുവാക്കളെ ഡാൻസാഫും ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി പൊലീസും സംയുക്ത ഓപ്പറേഷനിലൂടെ പിടികൂടി. ഫോർട്ടുകൊച്ചി വെളിപുക്കൽ വീട്ടിൽ എറിക്ര് ഫ്രെഡി (22), മട്ടാഞ്ചേരി ചുള്ളിക്കൽ വീട്ടൽ റിഷാദ് റഹീം (22), അരൂർ കൈതവളപ്പിൽ വീട്ടിൽ സിജാസ് കബീർ (28), ഫോർട്ടുകൊച്ചി പെരുമാലി വീട്ടിൽ മാത്യു മാനുവൽ (21), തോപ്പുംപടി നോർത്ത് മൂലംകുഴിയിൽ കപ്പലടിക്കൽ വീട്ടിൽ ബെൻസൺ ആന്റണി (21) എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് 16 എൽ.എസ്.ഡി, 2 ഗ്രാം എം.ഡി.എം.എ, 16 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ കണ്ടെടുത്തു.
എൽ.എസ്.ഡി സ്റ്റാമ്പുകളും എം.ഡി.എം.എയും ഹാഷിഷ് ഓയിലും ഡാർക്ക് വെബ് വഴി ഓൺലൈനിലൂടെ വാങ്ങി ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്ക് വില്പന നടത്തിവരികയായിരുന്നു. ആഡംബര ജീവിതത്തിനായാണ് ലഹരി ഇടപാട് നടത്തിയിരുന്നത്. ലഹരി ഉപയോഗിക്കാനായി ഹോട്ടൽ മുറിവരെ എടുത്തുനൽകുന്ന സൗകര്യമുൾപ്പെടെ ഇവർ ചെയ്തു നൽകിയിരുന്നു.കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുവിന് ലഭിച്ച വിവരത്തെത്തുടർന്ന് നാർക്കോട്ടിക്‌സ് സെൽ എ.സി.പി അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.