ആലുവ: അനധികൃത റിക്രൂട്ടിംഗ് ഏജൻസികൾ, വ്യാജ വിസ നൽകി ജനങ്ങളെ കബളിപ്പിക്കുന്നവർ എന്നിവർക്കെതിരെ കർശന നടപടിക്കൊരുങ്ങി​ റൂറൽ ജില്ലാ പൊലീസ്. ഇത്തരത്തിലുള്ള സംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തി​ൽ ജി​ല്ലയി​ലെ ഏജൻസികളെക്കുറി​ച്ചും വ്യക്തികളെക്കുറിച്ചുമുള്ള വിവരങ്ങൾ പൊലീസ് ശേഖരിക്കുകയാണെന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.

പ്രായകൂടുതൽ ഉള്ളവർക്കും ഐ.ഇ.എൽ.ടി.എസ് ഇല്ലാത്തവർക്കും കാനഡയിൽ കാർഷിക മേഖലയിലും ഹോട്ടൽ രംഗത്തും ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ചെന്ന പരാതിയിൽ മൂവാറ്റുപുഴ കെ.എസ്.ആർ.ടി​.സിക്ക് സമീപം പ്രവർത്തിക്കുന്ന പെന്റാ ഓവർസീസ് റിക്രൂട്ട്‌മെൻറ് എന്ന സ്ഥാപനത്തിനെതിരെ മൂവാറ്റുപുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 24 ഉദ്യോഗാർത്ഥികളിൽ നിന്നായി ഏകദേശം 45 ലക്ഷം രൂപ കബളിപ്പിച്ചെടുത്തെന്നാണ് പരാതി. സമാന രീതിയിൽ കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി ലഭിച്ചതിനെ തുടർന്ന് വരാപ്പുഴയിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

യുറോപ്യൻ രാജ്യങ്ങളിലും മറ്റും ജോലി വാഗ്ദാനം കൂടാതെ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിവിധ കോഴ്‌സുകളിൽ അഡ്മിഷൻ വാങ്ങി തരാമെന്ന് വിശ്വസിപ്പിച്ച് പണം കൈക്കലാക്കി കബളിപ്പിക്കുന്നവരുമുണ്ട്. ഇവർക്കെതിരെ അന്വേഷണം നടന്നു വരികയാണ്.