
കൊച്ചി: ചരിത്രത്തിലാദ്യമായി സമ്മാനത്തുക 25 കോടിരൂപയായി വർദ്ധിപ്പിച്ചതോടെ കേരള ലോട്ടറിയുടെ ഓണം ബമ്പറിനെതിരെ ആസൂത്രിത ദുഷ്‌പ്രചരണം. സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചരണങ്ങൾക്കെതിരെ ലോട്ടറിവകുപ്പ് നിയമനടപടി ആരംഭിച്ചു. ആകർഷകമായ സമ്മാനഘടനയിൽ വമ്പൻ കച്ചവടം നടക്കുന്നത് തടയാൻ ലക്ഷ്യമിട്ടാണ് പ്രചാരണമെന്ന് വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
അധികൃതർ അറിയിച്ചത്:
ലോട്ടറി ഓഫീസിൽനിന്ന് ഏജന്റിന് കൈമാറാത്ത ടിക്കറ്റുകൾ നറുക്കെടുപ്പിൽ ഉൾപ്പെടുത്തില്ല.
ഏജൻസികൾക്ക് കൈമാറിയ ടിക്കറ്റുകൾ മാത്രമാണ് വിറ്റഴിച്ചവയായി കണക്കാക്കുക.
പ്രത്യേകം മാറ്റിവയ്ക്കുന്ന ബാക്കി ടിക്കറ്റുകൾക്ക് സമ്മാനം അടിച്ചാൽ റദ്ദുചെയ്ത് വീണ്ടും നറുക്കെടുക്കും.
ടിക്കറ്റ് വിറ്റുകിട്ടുന്ന തുക സർക്കാർ ഖജനാവിലേക്ക് വന്നിട്ടാണ് സമ്മാനത്തുക നൽകുന്നത്.
കൃത്യമായ നിയമാവലിയോടെയാണ് ലോട്ടറി നറുക്കെടുപ്പ്.
കഴിഞ്ഞനറുക്കെടുപ്പിലെ ബമ്പർ ഭാഗ്യവാന്മാർ
ഓണം ബമ്പർ: ഓട്ടോഡ്രൈവർ കൊച്ചി മരട് സ്വദേശി ജയപാലൻ.
ക്രിസ്മസ് ബമ്പർ: കോട്ടയത്തെ പെയിന്റിംഗ് തൊഴിലാളി സദാനന്ദൻ.
വിഷു ബമ്പർ: കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ രമേശൻ, ഡോ. പ്രദീപ്.
അന്യസംസ്ഥാന ലോട്ടറി മാഫിയകളും ചില ശക്തികളുമാണ് വ്യാജപ്രചാരണങ്ങൾക്ക് പിന്നിൽ. ഇതിനെതിരെ എ.ഡി.ജി.പിക്ക് പരാതി നൽകി. ലോട്ടറി നറുക്കെടുപ്പ് തീർത്തും സുതാര്യമാണ്. ആർക്കും നേരിട്ട് കാണാം."
എബ്രഹാം റെൻ,
ഡയറക്ടർ,
കേരള ലോട്ടറീസ്.