coach

കൊച്ചി: കേരളത്തിലെ ഫുട്ബാൾ, ഹോക്കി പരിശീലകർക്ക് അന്താരാഷ്ട്ര നിലവാരത്തിൽ പരിശീലനം നൽകാൻ ഡച്ച് സംഘമെത്തുന്നു. കായിക കേരളത്തിന്റെ സമഗ്രവളർച്ച ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. തിരഞ്ഞെടുക്കപ്പെടുന്ന 50 (ഹോക്കി-25, ഫുട്ബാൾ -25) പേർ ഒരാഴ്ച നീളുന്ന പരിശീലനത്തിന്റെ ഭാഗമാകും. അടുത്തമാസം 14ന് എത്തുന്ന വിദഗ്ദ്ധ സംഘം ഒരാഴ്ച കേരളത്തിൽ തുടരും. 16ന് തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്‌കൂൾ അക്കാഡമയിലാണ് ക്യാമ്പ്. മൂന്ന് ഘട്ടമായുള്ള പരിശീലനത്തിന്റെ അവസാന ഘട്ടം അടുത്ത വർഷം നെതർലാൻഡ്സിലായിരിക്കും. നൂറോളം ഫോക്കി, ഫുട്ബാൾ പരിശീലകരിൽ നിന്നാണ് 25 പേരെ വീതം തിരഞ്ഞെടുക്കുന്നത്. ഇതിന്റെ നടപടികൾ പുരോഗമിക്കുകയാണ്.

 കോച്ചിംഗ് ചെയിൻ

പരിശീലനം നേടുന്ന കോച്ചുമാർ ഡച്ച് ടെക്നിക്കുകളും മറ്റും പരിശീലകർക്ക് പകർന്ന് നൽകും. രണ്ട് വർഷം കൊണ്ട് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും അക്കാഡമികളിലും മികച്ച പരിശീലകരെ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇത് യുവതലമുറയ്ക്ക് കരുത്തേകുമെന്നാണ് കായികവകുപ്പിന്റെ പ്രതീക്ഷ.

 നാടെങ്ങും ഗോൾ!

ചുരുങ്ങിയ കാലംകൊണ്ട് അഞ്ച് ലക്ഷം കുട്ടികളിലേക്ക് ഫുട്ബാൾ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്യുന്ന ഗോൾ പദ്ധതിയിലേക്ക് ഡച്ച് പരിശീലനം ലഭിച്ച കോച്ചുമാരെയും ഉൾപ്പെടുത്തും. ഓരോ ഗ്രാമങ്ങളിലും ഒരു ഗോൾ കേന്ദ്രമെന്ന നിലയിലാണ് പദ്ധതി ആവിഷ്കരിക്കുന്നത്. സൗജന്യമായി പരിശീലനം നൽകി കുട്ടികളെ മികച്ച താരങ്ങളായി വാർത്തെടുക്കുകയാണ് ഗോൾ പദ്ധതിയുടെ ലക്ഷ്യം. ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും പരിശീലനം.

"ഹോക്കി കോച്ചുമാർക്ക് വിദേശ പരിശീലനം നൽകുന്നത് മികച്ച തീരുമാനമാണ്. ഇത് വർഷങ്ങൾക്ക് മുമ്പേ നടപ്പാക്കേണ്ടിയതായിരുന്നു."

ഒളിമ്പ്യൻ ദിനേഷ് നായിക്

മുൻ ഇന്ത്യൻ താരം

"കേരളത്തിന് ഡച്ച് ഫുട്ബാൾ അനായാസം വഴങ്ങും. തിരിഞ്ഞെടുക്കുന്ന കോച്ചുമാർ പരിശീലനം നൽകുന്നുണ്ടോയെന്ന് ഉറപ്പാക്കണം"

ബിനോ ജോർജ്

ഹെഡ് കോച്ച്

കേരളാ ഫുട്ബാൾ ടീം