കളമശേരി: കണ്ടെയ്‌നർ ലോറിതട്ടി വൈദ്യുതിലൈൻകമ്പി പൊട്ടി ഏലൂർ നഗരസഭ കൗൺസിലർമാർ സഞ്ചരിച്ചിരുന്ന കാറിനുമുകളിൽ വീണു. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം. ഏലൂർ വടക്കുംഭാഗത്തുനിന്ന് ഫാക്ട് ജംഗ്ഷനിലേക്ക് സഞ്ചരിച്ചിരുന്ന കണ്ടെയ്‌നർ ലോറിയുടെ തൊട്ടുപിന്നിലായിരുന്നു കൗൺസിലർമാരായ എസ്.ഷാജി, കെ.എൻ. അനിൽകുമാർ, ദിവ്യനോബി, ചന്ദ്രിക രാജൻ, സരിത പ്രസീദൻ എന്നിവർ യാത്ര ചെയ്ത കാറും. കമ്പി ശബ്ദത്തോടെ കാറിനുമുകളിൽത്തട്ടി തെറിച്ചുപോയതിനാൽ കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ സമയം മറ്റൊരുവാഹനവും റോഡിൽ ഇല്ലാതിരുന്നത് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കി. വിവരമറിയിച്ചതിനെത്തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാരെത്തിയാണ് ലൈൻ ഓഫാക്കിയത്.
നിർത്താതെ പോയ ലോറിയെ ബൈക്ക് യാത്രക്കാരന്റെ സഹായത്തോടെ കൗൺസിലർ അനിൽകുമാർ പിൻതുടർന്ന് പിടികൂടി പൊലീസ് സ്റ്റേഷനിൽ ഏല്പിച്ചു. ഉത്തരാഖണ്ഡ് സ്വദേശി രോഹിന്ദർ (48) ആയിരുന്നു കണ്ടെയ്‌നർ ലോറി ഓടിച്ചിരുന്നത്.