
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇനി വനിതാ ടീമും. സീനിയർ വനിതാ ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയിൽ നടന്നു. സെലക്ഷൻ കാമ്പ്യുകൾ ഈ വർഷം പൂർത്തിയാക്കി പരിശീലനം ഉടൻ തുടങ്ങും. ആഗസ്റ്റിൽ ആരംഭിക്കുന്ന കേരള വുമൺസ് ലീഗിലായിരിക്കും ടീം ആദ്യം പന്തുതട്ടുക. കിരീട നേട്ടത്തോടെ ഇന്ത്യൻ വനിതാ ലീഗിൽ യോഗ്യത നേടുകയാണ് ലക്ഷ്യമെന്ന് ബ്ലാസ്റ്റേഴ്‌സ് അക്കാഡമിയുടെയും വനിതാ ടീമിന്റെയും ഡയറക്ടറുമായ റിസ്വാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ദേശീയ ടീമിലേത്ത് പ്രാദേശിക താരങ്ങളെ സംഭാവന ചെയ്യുകയാണ് ബ്ലാസ്റ്റേഴ്‌സ് മുന്നിൽ കാണുന്നത്. ടീമിലെ 60 ശതമാനം താരങ്ങളും മലയാളിയിരിക്കും. വിദേശ താരങ്ങളെ ഒഴിവാക്കിയാകും ടീം കേരള വുമൺസ് ലീഗിൽ കളിക്കുകയെന്ന് ഹെഡ് കോച്ച് എ.വി. ഷെരീഫ് ഖാൻ പറഞ്ഞു. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി യംഗ് ബ്ലാസ്റ്റേഴ്‌സ് സ്‌പോർട്‌സ് ഹുഡിൽ ഇതിനകം വനിതാ പ്രാധാന്യമുണ്ട്. പ്രായമനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഇവരെ ജില്ലാ, സംസ്ഥാനതല ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുപ്പിക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കും.