
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി സ്ഥാനം രാജിവയ്ക്കാൻ ആർച്ച് ബിഷപ്പ് ആന്റണി കരിയിലിനോട് ആവശ്യപ്പെട്ട വത്തിക്കാനെതിരെ വൈദികരും വിശ്വാസികളും പ്രതിഷേധം കടുപ്പിച്ചു. രാജിവയ്ക്കേണ്ടെന്നും കഴിയുമെങ്കിൽ പുറത്താക്കട്ടെയെന്നുമുള്ള നിലപാടിലാണ് അതിരൂപതയും ആന്റണി കരിയിലും.
സിറോമലബാർ സഭയിൽ പരിഷ്കരിച്ച കുർബാനക്രമം അംഗീകരിക്കാതെ ഭൂരിപക്ഷം വൈദികർക്കും വിശ്വാസികൾക്കുമൊപ്പം നിലയുറപ്പിച്ചതിനാണ് നടപടി. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി (നൂൺഷ്യോ) കഴിഞ്ഞ വ്യാഴാഴ്ച ഡൽഹിയിലേക്ക് വിളിച്ചുവരുത്തി കരിയിലിനോട് രാജി ആവശ്യപ്പെട്ടിരുന്നു. രാജിവച്ചില്ലെങ്കിൽ പുറത്താക്കുമെന്ന് അറിയിച്ചതായും അതിരൂപതാ വൃത്തങ്ങൾ പറഞ്ഞു.
ആന്റണി കരിയിലിനെ പിന്തുണച്ച് അതിരൂപതയിലെ വൈദികർ ഇന്നലെ യോഗം ചേർന്നു. പ്രതിസന്ധിയിൽ വൈദികർക്കും വിശ്വാസികൾക്കുമൊപ്പം നിന്നതിനാണ് സഭയുടെ നടപടി. കരിയിലല്ല, സ്ഥലവിൽപ്പനയിലുൾപ്പെടെ പ്രതിയായ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയാണ് രാജിവയ്ക്കേണ്ടത്. തെറ്റു ചെയ്തയാളെ സംരക്ഷിക്കുകയും സത്യസന്ധവും ധാർമ്മികവുമായ നിലപാടെടുത്തവരെ പുറത്താക്കുന്നത് അപകടകരമാണെന്നും യോഗം പറയുന്നു.
അതിരൂപതാ സംരക്ഷണ സമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. ജോയി കണ്ണമ്പുഴ മെത്രാന്മാർക്കുള്ള തുറന്ന് കത്ത് വായിച്ചു. ഫാ. ജോസഫ് പാറേക്കാട്ടിൽ, ഫാ. പോൾ ചിറ്റിലപ്പിള്ളി എന്നിവർ പ്രമേയം അവതരിപ്പിച്ചു. രാജിവയ്ക്കരുതെന്ന് അൽമായ കൂട്ടായ്‌മ ഉൾപ്പെടെ വിശ്വാസികളുടെ സംഘടനകളും ആവശ്യപ്പെട്ടു. ആർച്ച് ബിഷപ്പിനൊപ്പം നിൽക്കാനും ജനാഭിമുഖ കുർബാനയിൽ വിട്ടുവീഴ്ച വേണ്ടെന്നുമാണ് ഇവരുടെ നിലപാട്.