p

കൊച്ചി: ഓട്ടോറിക്ഷകളുടെ പെർമിറ്റ് നിഷേധിച്ചുകൊണ്ടു നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ശ്രമിക്കുന്നത് ക്ഷേമരാഷ്ട്രത്തിന് യോജിച്ചതല്ലെന്ന് ഹൈക്കോടതി. ഇതു പൗരാവകാശ ലംഘനമാണ്. സാധാരണക്കാരന്റെ ജീവനോപാധിയാണ് ഓട്ടോറിക്ഷ. കോഴിക്കോട് ജില്ലയിലെ വടകരയിൽ നഗരപരിധിക്കു പുറത്തുള്ളവർക്ക് ഓട്ടോ പെർമിറ്റു നൽകുന്നതിനെതിരെ വടകര മുനിസിപ്പൽ ഏരിയ ഓട്ടോറിക്ഷ തൊഴിലാളി കോ-ഓർഡിനേഷൻ കമ്മിറ്റി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഷാജി പി.ചാലി ഇതു വ്യക്തമാക്കിയത്.

വടകരയിൽ കൂടുതൽ ഓട്ടോകൾക്ക് അനുമതി നൽകുന്നത് ഗതാഗതക്കുരുക്കുണ്ടാക്കുമെന്ന ഹർജിക്കാരുടെ വാദം സിംഗിൾബെഞ്ച് തള്ളി. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നഗരസഭയും മോട്ടോർ വാഹന വകുപ്പ് അധികൃതരുമടക്കമുള്ളവർ ഒത്തു ചേർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്ക് ധാരാളം ഭൂമി സ്വന്തമായുണ്ട്. ഇവിടങ്ങളിൽ ജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മതിയായ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താനും നഗരസഭകൾ ശ്രമിക്കണം. ഹർജിയിൽ ഇടപെടുന്നില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.