മൂവാറ്റുപുഴ: കെ.എസ്.ടി.പി.ഡിവിഷൻ ഓഫീസ് ആലുവയിലേക്ക് മാറ്റുന്നതിനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഓഫീസ് പ്രവർത്തിപ്പിക്കുന്നതിനുളള കെട്ടിട സൗകര്യം നഗരസഭ ലഭ്യമാക്കുമെന്നും മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് അറിയിച്ചു.
വെളളൂർക്കുന്നത്തും പി.ഒ.ജംഗ്ഷനിലും ഇതിനാവശ്യമായ കെട്ടിടം നഗരസഭ ഉടമസ്ഥതയിലുണ്ട്. ഇത് കെ.എസ്.ടി.പിക്ക് വിട്ടുനൽകും. 2002 മുതൽ മൂവാറ്റുപുഴയിൽ പ്രവർത്തിക്കുന്ന കെ.എസ്.ടി.പി. ഡിവിഷൻ ഓഫീസ് ആലുവയിലേക്ക് മാറ്റാൻ നടത്തുന്ന നീക്കം അപലപനീയമാണ്. ആലുവയിൽ കെ.എസ്.ടി.പി. സർക്കിൾ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് മൂവാറ്റുപുഴയിലെ ഓഫീസ് മാറ്റുന്നതിനാണ് കെ.എസ്.ടി.പി ചീഫ് എൻജിനീയർ ഉത്തരവ് നൽകിയിരിക്കുന്നത്. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത് മൂവാറ്റുപുഴ ഡിവിഷന്റെ കീഴിലാണ്. മാത്രമല്ല അസംബ്ലി മണ്ഡലത്തിലെ നിരവധി പൊതുമരാമത്ത് നിർമാണ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കുന്നതും ഈ ഓഫീസാണ്. കക്കടശേരി-കാളിയാർ റോഡ്, മൂവാറ്റുപുഴ-തേനി റോഡ് എന്നിവയുടെ നിർമ്മാണം അടക്കം ഇതിൽ ഉൾപ്പെടും. എക്സിക്യൂട്ടീവ് എൻജിനീയറും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും 5 അസിസ്റ്റന്റ് എൻജിനീയർമാരും ഉൾപ്പെടെ 23 ജോലിക്കാരാണ് ഇവിടെ ഉള്ളത്. മൂവാറ്റുപുഴ റസ്റ്റ് ഹൗസിൽ പ്രവർത്തിച്ചു വരുന്ന ഓഫീസ് കെട്ടിട നവീകരണത്തിന്റെ പേരിലാണ് ആലുവയിലേക്ക് മാറ്റുന്നതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഓഫീസ് കെട്ടിടം നഗരത്തിൽ തന്നെ വിട്ടുനൽകുന്നതെന്നും ഇത് സ്വീകരിച്ച് ഓഫീസ് മൂവാറ്റുപുഴയിൽ നിലനിർത്തണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.