arch

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് ആന്റണി കരിയിലിനെ മാറ്റാനുള്ള നീക്കത്തിൽ ബിഷപ്പുമാർക്കും വത്തിക്കാനും ഇന്ത്യയിലെ നൂൺഷ്യോയ്ക്കുമെതിരെ രൂക്ഷമായ വിമർശനം ഉയർത്തി വൈദികർ. വത്തിക്കാനും അതിരൂപതയും തമ്മിലുള്ള കളികണ്ട് സിനഡ് ബിഷപ്പുമാർ രസിക്കുകയാണെന്ന് വൈദികരുടെ യോഗം പ്രമേയത്തിൽ ആരോപിച്ചു.

അതിരൂപതയിലെ വൈദികരോടും വിശ്വാസികളോടും പ്രതികാരമായാണ് ആർച്ച് ബിഷപ്പ് കരിയിലിനോട് നിർബന്ധിത രാജി ആവശ്യപ്പെട്ടത്. വത്തിക്കാനിലെ പൗരസ്ത്യ കാര്യാലയം മേജർ ആർച്ച് ബിഷപ്പിന്റെയും ചില മെത്രാന്മാരുടെയും കുഴലൂത്തുകാരായി മാറി. തീരുമാനങ്ങൾ മാർപ്പാപ്പ വഴി വരുന്നെന്ന അർത്ഥത്തിൽ അപ്പസ്‌തോലിക്ക് നുൺഷ്യോ വഴി ചെയ്യുന്നു. ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഒത്തുകളികൾ മനസിലാക്കാൻ എളുപ്പമല്ല. സത്യവിരുദ്ധമായവ ചെയ്ത് മെത്രാന്മാർ ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രതിച്ഛായയ്ക്കും മങ്ങലേല്പിക്കുകയാണ്.

പകരക്കാരനെ വേണ്ട

അതിരൂപതയിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും മാർപാപ്പയെ അറിയിച്ചാണ് ആർച്ച് ബിഷപ്പ് കരിയിൽ അതിരൂപതയ്ക്ക് നേതൃത്വം നൽകുന്നത്. അദ്ദേഹത്തിന് പകരം മറ്റൊരാളെ സ്വീകരിക്കില്ല. അതിരൂപതയുടെ ഭാവിയെ ഇരുട്ടിലാക്കാനും അനൈക്യം സൃഷ്ടിക്കാനുമാണ് ശ്രമം. ഏതു സാഹചര്യത്തിലും വൈദികരും വിശ്വാസികളും ജനാഭിമുഖ കുർബാനയേ ചൊല്ലൂ. 320 ഇടവകകളിൽ 300 ഇടവകകളിലെയും പാരീഷ് കൗൺസിൽ വിഷയത്തിൽ പ്രമേയം പാസാക്കി റോമിൽ സമർപ്പിച്ചിട്ടുണ്ട്. വൈദികരുടെ ഐക്യം തകർക്കാനും വിശ്വാസികളിൽ വിഭാഗിയത സൃഷ്ടിക്കാനും കഴിയില്ല.

അധികാര

ദുർവിനിയോഗം

എറണാകുളം അങ്കമാലി മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭയുടെ തലവനായ 2011 മുതൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരി ജനാഭിമുഖ കുർബാനയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഭൂമിവിവാദത്തിലൂടെ അതിരൂപതയുടെ സാമ്പത്തിക അടിത്തറയും അന്തസും തകർത്തു.

അധികാരം ദുർവിനിയോഗിച്ച് സംസ്ഥാന, കേന്ദ്ര സർക്കാരുകളിലും വത്തിക്കാനിലും സ്വാധീനവും സമ്മർദ്ദവും ചെലുത്തി ആർച്ച് ബിഷപ്പ് ആന്റണി കരിയിലിനെ രാജിവയ്പ്പിക്കാൻ ശ്രമിക്കുകയാണ്. അതിരൂപതയിലെ ബിഷപ്പുമാരായ ജേക്കബ് മനത്തോടത്ത്, സെബാസ്റ്റ്യൻ എടയന്ത്രത്ത്, ജോസ് പുത്തൻവീട്ടിൽ എന്നിവരെ നടപടിക്രമമോ മാനുഷികമായ പരിഗണനയോ നൽകാതെ പുറത്താക്കി. ഭൂമിയിടപാടിൽ അതിരൂപതയ്ക്ക് സംഭവിച്ച നഷ്ടം നികത്താൻ നിയുക്തനായ ആർച്ചു ബിഷപ്പ് കരിയിലും പുറത്താക്കപ്പെടും.

കർദിനാൾ ജോർജ് ആലഞ്ചേരിയുടെ രാജിയാണ് ആവശ്യം. ഭൂമിവിവാദം ആദ്യം അന്വേഷിച്ചത് ആർച്ച് ബിഷപ്പ് മാത്യു മൂലക്കാട്ടിൽ നേതൃത്വം നൽകിയ സിനഡൽ കമ്മിഷനായിരുന്നു. സത്യസന്ധമായ റിപ്പോർട്ട് സിനഡിൽ നശിപ്പിച്ച് സത്യത്തെ കുഴിച്ചുമൂടിയതായി വൈദികർ ആരോപിച്ചു.