കൊച്ചി: നാലു വർഷത്തിനുള്ളിൽ കേരളത്തിൽ സമ്പൂർണ അതിദാരിദ്ര്യ നിർമ്മാർജനം സാദ്ധ്യമാക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. അതിദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ ഭാഗമായ മൈക്രോപ്ലാനുകളുടെ നിർവഹണത്തിനായി തദ്ദേശ സ്ഥാപന അസോസിയേഷനുകളുടെ ഭാരവാഹികൾക്കായി നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ 64,006 അതിദരിദ്രരുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അവരെ പൊതുസമൂഹത്തിലേക്ക് ഉയർത്തിക്കൊണ്ടുവരികയെന്ന ശ്രമകരമായ ദൗത്യമാണ് അടുത്തത്.
ആദ്യം അതിദാരിദ്ര്യ നിർമ്മാർജ്ജനം, പിന്നാലെ ദാരിദ്ര്യം തുടച്ചുനീക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, സന്തോഷ സൂചികയിൽ ഉയർന്ന സ്ഥാനത്തെത്തുകയെന്ന വലിയ ലക്ഷ്യമാണ് സർക്കാരിന് മുന്നിലുള്ളതെന്ന് മന്ത്രി പറഞ്ഞു.
എറണാകുളം ഗസ്റ്റ്ഹൗസ് ബാൻക്വറ്റ് ഹാളിൽ നടന്ന ശില്പശാലയിൽ മേയർ എം. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, കില ഡയറക്ടർ ജനറൽ ജോയ് ഇളമൺ തുടങ്ങിയവർ പങ്കെടുത്തു.
ചുമതല തദ്ദേശസ്ഥാപനങ്ങൾക്ക്
തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങൾക്കാണ് ദൗത്യത്തിന്റെ നടത്തിപ്പ് ചുമതല. സ്വന്തമായി വീടില്ലാത്തവർക്ക് വീട്, ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് അഭയകേന്ദ്രം, ഭക്ഷണം, ചികിത്സ തുടങ്ങിയ കാര്യങ്ങളായിരിക്കും ഈ വിഭാഗത്തിൽ വരുന്നവർക്ക് ആവശ്യമായിവരിക. ഇക്കാര്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങൾക്കൊപ്പം സന്നദ്ധ സംഘടനകളുടെയും സഹകരണം ഉറപ്പാക്കും.