
കൂത്താട്ടുകുളം: സുഹൃത്തിന്റെ സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്രചെയ്യവേ വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ദേശാഭിമാനി തിരുവനന്തപുരം സെൻട്രൽ ഡെസ്‌ക് ചീഫ് സബ് എഡിറ്റർ കൂത്താട്ടുകുളം മണ്ണത്തൂർ ഇലവുങ്കൽ ഏലിയാസ് തോമസിന്റെയും കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് അസി. പ്രൊഫ. ബി. ബിന്ദുമോളുടെയും ഏകമകൻ രോഹിത് ബി. ഏലിയാസാണ് (17) മരിച്ചത്. വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ്. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയാണ് അന്ത്യം. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഇന്ന് രാവിലെ ഒമ്പതുമുതൽ മണ്ണത്തൂരിലെ വീട്ടിൽ പൊതുദർശനത്തിനുവയ്ക്കും. സംസ്കാരം ഉച്ചയ്ക്ക് ഒന്നിന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ.
20ന് വൈകിട്ട് മൂന്നിന് മണ്ണത്തൂരിൽനിന്ന് ആറൂർ ബസ് സ്റ്റോപ്പിലേക്ക് സുഹൃത്തിന്റെ സ്‌കൂട്ടറിൽ യാത്രചെയ്യുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ വൈദ്യുതിപോസ്റ്റിൽ ഇടിക്കുകയായിരുന്നു. രോഹിതിനെയും സ്‌കൂട്ടർ ഓടിച്ചിരുന്ന ചേലാട്ട് ബെന്നി പൗലോസിന്റെ മകൻ ഡാൻ ബെന്നിയേയും (18) നാട്ടുകാരെത്തി കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലാക്കി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രോഹിത്തിനെ രാജഗിരിയിലേക്ക് മാറ്റുകയായിരുന്നു. ഡാൻ ചികിത്സയിലാണ്.