janaseva
ജനസേവ ഭിക്ഷാടന മാഫിയയിൽനിന്ന് രക്ഷപെടുത്തിയ വേൽമുരുകനും രാജയും ജോസ് മാവേലിയൊടൊപ്പം ആലുവയിൽ തമിഴ്‌നാട് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മന്ത്രി ജിൻജി കെ. എസ്. മസ്താനെ സന്ദർശിച്ചപ്പോൾ

ആലുവ: ഭിക്ഷാടനമാഫിയയിൽനിന്ന് ആലുവ ജനസേവ ശിശുഭവൻ രക്ഷപ്പെടുത്തിയ വേൽമുരുകന്റെയും രാജയുടെയും ദുരിതകഥകേട്ടപ്പോൾ തമിഴ്‌നാട് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മന്ത്രി ജിൻജി കെ.എസ്. മസ്താന് അമ്പരപ്പും അത്ഭുതവും. ആലുവയിൽ സ്വകാര്യ സന്ദർശനത്തിനെത്തിയപ്പോഴാണ് മന്ത്രി വേലുവിനെയും രാജയെയും നേരിട്ട് കാണുന്നതും കുട്ടിക്കാലത്തെ ദുരിതജീവിതം അറിയുന്നതും.

ജനസേവ സ്ഥാപകൻ ജോസ് മാവേലിയോടൊപ്പമാണ് ഇരുവരും മന്ത്രിയെ സന്ദർശിച്ചത്. ഇവർ ഇപ്പോൾ ബാങ്കുദ്യോഗസ്ഥരാണെറിഞ്ഞപ്പോൾ മന്ത്രിയും ഭാര്യയും ആനന്ദക്കണ്ണീരണിഞ്ഞു. വേലു സെൻട്രൽ ബാങ്ക് അങ്കമാലി ബ്രാഞ്ചിലും രാജ എറണാകുളം ബ്രാഞ്ചിലുമാണ് ജോലി ചെയ്യുന്നത്. ഇരുവരുടെയും ജീവിതത്തിൽ പ്രകാശം പരത്തിയ ജനസേവയെ മന്ത്രി അഭിനന്ദിച്ചു.

കുട്ടിക്കാലത്ത് തമിഴ്നാട്ടിലെ ഭിക്ഷാടനമാഫിയയുടെ കെണിയിൽപ്പെട്ട് കേരളത്തിലെത്തിയ തങ്ങളെ അന്വേഷിച്ച് ആദ്യമായെത്തിയ ആളാണ് മന്ത്രിയെന്ന് വേലുവും രാജുവും പറഞ്ഞു. തങ്ങളെക്കൂടാതെ ജനസേവ തമിഴ്‌നാട് സ്വദേശികളായ നൂറിലധികം പിഞ്ചുബാല്യങ്ങളെ തെരുവിലെ ക്രുരതകളിൽനിന്ന് രക്ഷിച്ചിട്ടുണ്ടെന്നും അവർ മന്ത്രിയെ അറിയിച്ചു. ഭിക്ഷാടന മാഫിയകളുടെ പിടിയിൽപ്പെട്ട് നിരവധി കുട്ടികളുടെ ജീവിതം നശിക്കുന്നുണ്ട്. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ ഇടപെടണമെന്നും അവർ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

2003 ഏപ്രിലിൽ 70 ശതമാനത്തോളം പൊള്ളലേറ്റ നിലയിൽ ആലുവ ഗവ. ആശുപത്രിയിലെത്തിച്ച വേൽമുരുകനെ ഡോ. വിജയകുമാറിന്റെ നിർദ്ദേശപ്രകാരമാണ് ജനസേവ ഏറ്റെടുത്തത്. ഒരുവർഷംനീണ്ട വിദഗ്ദ്ധ ചികിത്സയ്ക്കൊടുവിലാണ് വേലുവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായത്. പണം കുറഞ്ഞതിൽ കുപിതനായി ഭിക്ഷാടനമാഫിയാത്തലവൻ വേലുവിനെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. വേലു ഇന്ന് വിവാഹിതനും മൂന്നുംവയസുള്ള പെൺകുട്ടിയുടെ പിതാവുമാണ്.
2002 ഡിസംബറിലാണ് സേലം സ്വദേശിയായ രാജയെ ജനസേവ ഏറ്റെടുത്തത്. ഭിക്ഷാടനമാഫിയയുടെ പീഡനത്താൽ തളർന്ന് വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ കിടന്ന രാജയെ ജനസേവ ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരികെയെത്തി. ഇരുവരും പഠനത്തോടൊപ്പം കായികരംഗത്തും മികവുപുലർത്തി. ഫുട്‌ബാൾ സബ് ജൂനിയർ, ജൂണിയർ തലങ്ങളിൽ ജില്ലാടീമിൽ ഇടം നേടി. രാജ ടീം ക്യാപ്റ്റനുമായി. രണ്ട് വയസുള്ള മകനുമായി രാജയും ഇന്ന് കുടുംബസമേതം സന്തോഷമായി കഴിയുന്നു.