കൊച്ചി: നൂറുകോടിരൂപയുടെ സേവനപദ്ധതികൾ റോട്ടറി ഇന്റർനാഷണൽ കേരളത്തിൽ നടപ്പാക്കും. റോട്ടറി ആഗോള പ്രസിഡന്റ് ജെന്നിഫർ ജോൺസാണ് പദ്ധതികൾ പ്രഖ്യാപിച്ചത്. ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ വ്യവസായമന്ത്രി പി. രാജീവ് പങ്കെടുത്തു.
പൊള്ളലേറ്റവർക്ക് പത്തുകോടിരൂപ ചെലവിൽ ശസ്ത്രക്രിയാ സഹായം, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് 30കോടിരൂപ ചെലവിൽ പാർപ്പിട പദ്ധതി തുടങ്ങിയവയാണ് പ്രധാനം. 500 വീടുകളാണ് റോട്ടറി നിർമ്മിക്കുക.
ക്ലബുകൾ 160 കിലോമീറ്റർ റോഡ് ഏറ്റടുത്ത് വൃത്തിയും വെടിപ്പുമായി സൂക്ഷിക്കും. സ്‌കൂൾ കുട്ടികൾക്കായി രണ്ടുകോടിരൂപ ചെലവിൽ അമൃതം പദ്ധതി നടപ്പാക്കും. സാമ്പത്തികമായി പിന്നാക്കമായ കുട്ടികൾക്ക് സിവിൽസർവീസ് പരിശീലനം നൽകും. സർക്കാർ സീറ്റുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ പഠനച്ചെലവ് ഏറ്റെടുക്കും. പെൺകുട്ടികളുടെ വിവാഹത്തിന് 10കോടി രൂപയുടെ പരിണയം പദ്ധതി നടപ്പാക്കും.
ലഹരിപരിശോധനയ്ക്ക് അൽകോ സ്‌കാൻ വാനുകൾ പൊലീസിന് കൈമാറും. 60ലക്ഷംരൂപ ചെലവിൽ പെറ്റ് ക്രിമറ്റോറിയം സ്ഥാപിക്കും. 100 മുട്ട് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായംനൽകും. ഹാർട്ട് വാൽവ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കായി എറണാകുളം ജനറൽ ആശുപത്രിക്ക് ആധുനികസംവിധാനം ഉൾപ്പെടെ 60ലക്ഷംരൂപ നൽകും.
പത്തുലക്ഷംരൂപ ചെലവ് പ്രതീക്ഷിക്കുന്ന റോട്ടറി പൊലീസ് എൻഗേജ്‌മെന്റ് പദ്ധതി നടപ്പാക്കും. 80ലക്ഷം പയുടെ ഡയാലിസിസ് മെഷീനുകൾ, ഒരുകോടിരൂപയുടെ ഗിഫ്റ്റ് ഒഫ് ലൈഫ്, 80 ലക്ഷം രൂപയുടെ ട്രിംഗ് എ സ്‌മൈൽ, ഒരുകോടിയിലേറെ രൂപയുടെ റോട്ടറി കർമവീരർ കാമരാജർ ഹാർട്ട് കെയർ ബസ്, സ്തനാർബുദം നേരത്തെ കണ്ടെത്തി സൗജന്യചികിത്സ നൽകാൻ മാതൃരക്ഷാപദ്ധതി എന്നിവയും നടപ്പാക്കും. മാതൃരക്ഷാപദ്ധതിയിൽ 100 ശസ്ത്രക്രിയകൾ ചെയ്യും. 60കോടിരൂപ ചെലവിൽ റോട്ടറി കാൻസർകെയർ ആശുപത്രി സ്ഥാപിക്കും.
റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എസ് . രാജ്‌മോഹൻ നായർ, ഇൻർനാഷണൽ ഡയറക്ടർമാരായ എ.എസ്. വെങ്കിടേഷ്, ഡോ. മഹേഷ് കോട്ട് ബാഗി, ആർ. മാധവ് ചന്ദ്രൻ, ഡിസ്ട്രിക്ട് ഗവർണർമാരായ മുത്തു, ബാബുമോൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിത, ഡോ. ജുനൈദ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.