കൊച്ചി: ക്വട്ടേഷൻസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കി വഴിയിൽ തള്ളി. പച്ചാളം സ്വദേശിയായ യുവാവാണ് ക്രൂരമർദ്ദത്തിന് ഇരയായത്. കൈകാലുകൾക്കും മുഖത്തുമെല്ലാം പരിക്കുണ്ട്. അവശനായി കിടക്കുന്നതുകണ്ട് നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ ഡ്രൈവറായ പച്ചാളം സ്വദേശിയെ പൊലീസ് അറസ്റ്റുചെയ്തു. പരിക്കേറ്റയാളുടെ ബന്ധുവും പച്ചാളം സ്വദേശിയുമായ യുവാവും സുഹൃത്തായ ക്വട്ടേഷൻ തലവനുമുൾപ്പെടെ മൂന്ന് പേർക്കായി അന്വേഷണം ഊർജിതമാക്കി. ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
പരിക്കേറ്റ യുവാവും ക്വട്ടേഷൻ നൽകിയ യുവാവും അടുത്ത ബന്ധുക്കളാണ്. മുമ്പ് ഇരുവരും സുഹൃത്തുക്കളായിരുന്നു. ക്വട്ടേഷൻ നൽകിയ യുവാവിന്റെ അടുത്തബന്ധുവായ സ്ത്രീക്ക് മെസേജ് അയച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ ഇരുവരും അകന്നു. പിന്നീട് ഇതേച്ചൊല്ലി വാക്കുതർക്കം പതിവായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ പത്മ തിയേറ്ററിന് സമീപത്തുനിന്ന് കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മർദ്ദിച്ച് എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷന് സമീപം ഉപേക്ഷിച്ചു.
യുവാവ് നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് ഡ്രൈവറെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊച്ചിയിൽ അറിയപ്പെടുന്ന ക്വട്ടേഷൻ സംഘത്തിലുള്ള ക്രിമിനലിന്റെ സഹായത്തോടെയാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.