# ചോദ്യാവലി റെഡി
തൃക്കാക്കര: ഭൂമി തരംമാറ്റത്തിന് വ്യാജസർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിനൽകിയ കേസിൽ പ്രതി യൂത്ത് കോൺഗ്രസ് തൃക്കാക്കര നിയോജകമണ്ഡലം സെക്രട്ടറി കാക്കനാട് പടമുകൾ ദുവ മൻസിലിൽ മുഹമ്മദ് ഹാഷിമിനെ (29) അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. രണ്ട് ദിവസത്തേക്കാണ് അന്വേഷണസംഘം കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പ്രതിയുടെ മൊബൈലിലെ വോയ്സ്ചാറ്റ് വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശബ്ദസാമ്പിളുകൾ പരിശോധന നടത്തും. പ്രതി ഉപയോഗിച്ചിരുന്ന മൊബൈൽഫോൺ, ലാപ്ടോപ്പ് എന്നിവ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ചില നിർണായകമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. തൃക്കാക്കര അസി.കമ്മീഷണർ പി.വി ബേബി, സി.ഐ ആർ. ഷാബു എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതിയുടെ മൊബൈൽ- ലാപ്ടോപ്പ് എന്നിവയിൽനിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘം ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികളുണ്ടാവുമെന്നാണ് സൂചന. കണയന്നൂർ തഹസിൽദാരുടെ പേരിൽ കൺവെർട്ടഡ് ഒഫ് ലാൻഡ് എന്ന പേരിൽ സർട്ടിഫിക്കറ്റ്, തൃക്കാക്കര നോർത്ത് വില്ലേജ് ഓഫീസറുടെ പേരിൽ ഈ വസ്തു പോക്കുവരവ് അടക്കമുള്ള രേഖകളാണ് പ്രതി വ്യാജമായി ഉണ്ടാക്കിയതായി പറയുന്നത്.