കൊച്ചി: ഭൂമി നഷ്ടപരിഹാരത്തുക ഈടാക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ എറണാകുളം സബ് കോടതി കൊച്ചി കോർപ്പറേഷന്റെ മറൈൻഡ്രൈവിലുള്ള നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം കൈമാറുന്നതുൾപ്പെടെ നടപടികൾ തടഞ്ഞു നോട്ടീസ് പുറപ്പെടുവിച്ചു. ജപ്തി നടപടിയുടെ ഭാഗമായി പുതിയ ഓഫീസിന്റെ മുന്നിൽ ഇന്നലെ ഉച്ചയ്ക്ക് നോട്ടീസും പതിച്ചു.
സഹോദരൻ അയ്യപ്പൻ റോഡ് വികസനത്തിന് ഭൂമി വിട്ടുനൽകിയവർക്ക് നഷ്‌ടപരിഹാരം നൽകിയില്ലെന്ന ഹർജിയിലാണ് പണി നടക്കുന്ന കോർപ്പറേഷൻ ആസ്ഥാനമന്ദിരം ജപ്തിചെയ്ത് പണംനൽകാൻ സബ് കോടതി ഉത്തരവിട്ടത്.
2006 ലാണ് എസ്.എ റോഡ് വികസനത്തിന് കോർപ്പറേഷൻ ഭൂമി ഏറ്റെടുത്തത്. ഭൂമി വിട്ടുനൽകിയ അഞ്ചുപേർ നഷ്‌ടപരിഹാരത്തുക ലഭിച്ചില്ലെന്നുകാണിച്ച് സമർപ്പിച്ച ഹർജിയിലാണ് നടപടി. വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്ക് ഒടുവിലാണ് പരാതിക്കാർക്ക് അനുകൂലമായ വിധിവന്നത്. ഒന്നരക്കോടിയോളംരൂപ ലഭിക്കാനുള്ള പി.വി. മുത്തുകൃഷ്ണൻ, 70 ലക്ഷം രൂപ ലഭിക്കാനുള്ള ടി.കെ. വിജയൻ, പൊള്ളാച്ചി സ്വദേശി സുന്ദരരാജൻ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.
വസ്തുവില്പനയുമായി ബന്ധപ്പെട്ട കാര്യത്തിൽ വിശദീകരണം നൽകണമെന്ന് കോടതി കോർപ്പറേഷന് നിർദ്ദേശം നൽകി.
നേരത്തെയും കെട്ടിടത്തിന് ജപ്തി നടപടികളുണ്ടായിട്ടുണ്ട്. എറണാകുളത്തപ്പൻ ക്ഷേത്രത്തോടു ചേർന്നുള്ള 1.28 ഏക്കർ സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് കൊച്ചി രാജകുടുംബാംഗങ്ങൾ ഉൾപ്പെട്ട കൊച്ചിൻ പാലസ് അഡ്‌മിനിസ്ട്രേഷനും കോർപ്പറേഷനും തമ്മിലുള്ള കേസിലാണ് 2020 ഒക്‌ടോബറിൽ ജപ്തി ഉത്തരവുണ്ടായത്. ഈ കേസ് ഇപ്പോഴും തീർപ്പായിട്ടില്ല.
എസ്.എ റോഡ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കോടതി ഉത്തരവിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു.