മൂവാറ്റുപുഴ: മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്ന് യാത്രക്കാരൻ ബസിൽ കയറുന്നതിനിടയിൽ അതിക്രമിച്ച് കയറി മൊബൈൽഫോൺ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. കോട്ടയം മീനച്ചിൽ കുറവിലങ്ങാട് കാഞ്ഞിരംകുളം കോളനിയിൽ കളരിക്കൽവീട്ടിൽ ജയൻ വാസുവിനെയാണ് (47) മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തത്.
ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശത്തെത്തുടർന്ന് പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയിരുന്നു. രാത്രി സംശയാസ്പദമായ സാഹചര്യത്തിൽ മൂവാറ്റുപുഴയിൽ കണ്ട പ്രതിയിൽനിന്ന് കൊട്ടാരക്കര, കോട്ടയം, തിരുവല്ല ബസ് സ്റ്റാൻഡുകളിൽനിന്നുമോഷ്ടിച്ച അഞ്ച് മൊബൈൽ ഫോണുകൾ കണ്ടെടുത്തു. കുറവിലങ്ങാട്, ഏറ്റുമാനൂർ, പാലാ, വെച്ചൂച്ചിറ, തൃശൂർ ഈസ്റ്റ് എന്നിവിടങ്ങളിലെ നിരവധി മോഷണ, പിടിച്ചുപറി കേസുകളിലെ പ്രതിയാണ് ജയൻ. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇൻസ്പെക്ടർ എം.കെ. സജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐ ഷീല, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ പി.കെ. വിനാസ്, സുഭാഷ് തങ്കപ്പൻ, സി.പി.ഒ അബൂബക്കർ എന്നിവരും ഉണ്ടായിരുന്നു.