മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയിൽ. പായിപ്ര സൊസൈറ്റിപ്പടി ഭാഗത്ത് താമസിക്കുന്ന ചൂരചിറയിൽ വീട്ടിൽ വിഷ്ണുദേവ് രവികുമാറിനെയാണ് (22) മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തത്. റാന്നിയിലെ ഉൾപ്രദേശത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾതന്നെയാണ് പായിപ്ര സൊസൈറ്റിപടിക്ക് സമീപം വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന തമിഴ്നാട് സ്വദേശിയുടെ ബൈക്ക് മോഷ്ടിക്കുകയും ചെയ്ത കേസിലെയും പ്രതിയെന്ന് പൊലീസ് പറഞ്ഞു.
മൂവാറ്റുപുഴയിൽ മൊബൈൽഷോപ്പിൽനിന്ന് മൊബൈൽഫോൺ മോഷണത്തിന് ജയിലിൽപ്പോയി ജാമ്യത്തിൽ ഇറങ്ങി ഒരാഴ്ചയ്ക്കുശേഷമാണ് പോക്സോക്കേസിൽ പ്രതിയാകുന്നതും ഒളിവിൽപ്പോയതും. മൂവാറ്റുപുഴ, കുറുപ്പംപടി, പുത്തൻകുരിശ്, കോതമംഗലം, അമ്പലപ്പുഴ എന്നിവിടങ്ങളിലെ നിരവധി മോഷണ, പിടിച്ചുപറിക്കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്‌പെക്ടർ എം.കെ. സജീവ്, എസ്.ഐമാരായ കെ.കെ രാജേഷ്, രാകേഷ്, എ.എസ്.ഐമാരായ ജയകുമാർ പി.സി, സൂരജ്കുമാർ എന്നിവർ ഉണ്ടായിരുന്നു.