കൊച്ചി: ലക്ഷങ്ങൾ വിലയുള്ള ബ്രൗൺഷുഗറുമായി അസാം സ്വദേശി ജഹറുൾ ഇസ്ലാം (21) നർക്കോട്ടിക് സെല്ലിന്റെ പിടിയിലായി. നർകോട്ടിക് സെൽ പൊലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ കീഴിലുള്ള കൊച്ചി സിറ്റി ഡാൻസാഫും തൃക്കാക്കര പൊലീസും ചേർന്നാണ് 23 ഗ്രാം ബ്രൗൺ ഷുഗറും 78 ഗ്രാം കഞ്ചാവുമായി ജഹറുളിനെ പിടികൂടിയത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ പ്രത്യേകിച്ച് അസാമിൽ നിന്നുള്ള തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുന്നതിനാണ് ഇയാൾ ബ്രൗൺഷുഗർ കൊച്ചിയിലേക്ക് കൊണ്ടുവന്നത്.
അസാമീസ് ഭാഷ മാത്രം സംസാരിക്കുന്നവർ താമസിക്കുന്ന കോളനികളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ഇത്തരം കോളനികളെ നിരീക്ഷിച്ച് സാഹസികമായാണ് പൊലീസ് ബ്രൗൺഷുഗറും കഞ്ചാവും പ്രതിയിൽനിന്ന് കണ്ടെടുത്തത്. പിടികൂടിയ ബ്രൗൺഷുഗർ അസാമിൽ നിന്ന് വരുന്നവരുടെ കൈയിൽമാത്രം കാണപ്പെടുന്നതാണെന്ന് പൊലീസ് പറഞ്ഞു. നർകോട്ടിക് സെൽ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ കെ.എ. അബ്ദുൾ സലാം, തൃക്കാക്കര എസ്.ഐ റഫീഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.