
കൊച്ചി: സിൽവർ ലൈനിന് ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന സർവേക്ക് റെയിൽവേയുടെ സമ്മതമോ അനുമതിയോ ഇല്ല. അനുമതിയില്ലാത്ത ഭൂമി ഏറ്റെടുക്കുന്നത് അപക്വമാണെന്നും പദ്ധതിക്കുവേണ്ടി കെ-റെയിൽ പണം ചെലവാക്കിയാൽ ഉത്തരവാദിത്വം അവർക്കു മാത്രമാണെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു.
സിൽവർ ലൈനിന് സർവേ നടത്തുന്നതിനെയും കെ-റെയിൽ കല്ലുകൾ സ്ഥാപിക്കുന്നതിനെയും ചോദ്യം ചെയ്ത് കോട്ടയം സ്വദേശി മുരളീകൃഷ്‌ണൻ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് കേന്ദ്രം സ്റ്റേറ്റ്‌മെന്റ് നൽകിയത്. സാമൂഹ്യാഘാത പഠന സർവേയ്ക്കും അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രം നേരത്തേ വിശദീകരിച്ചിരുന്നു. എന്നിട്ടും സർവേ തുടരുന്നതു ചൂണ്ടിക്കാട്ടി വ്യക്തത വരുത്താൻ കേന്ദ്ര സർക്കാരിനോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് അസി. സോളിസിറ്റർ ജനറൽ എസ്. മനു നൽകിയത്.
ദൈനംദിന കാര്യങ്ങളിൽ
കേന്ദ്രം ഇടപെടാറില്ല
 സംസ്ഥാന സർക്കാരിനും റെയിൽവേ മന്ത്രാലയത്തിനും പങ്കാളിത്തമുള്ള കെ-റെയിൽ, കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത സ്വതന്ത്ര കമ്പനിയാണ്
 രണ്ടു പാർട്ട് ടൈം ഡയറക്ടർമാർ മാത്രമാണ് റെയിൽവേക്ക് ഡയറക്ടർ ബോർഡിലുള്ളത്. കേന്ദ്രത്തിന് ഓഹരി പങ്കാളിത്തമുണ്ടെങ്കിലും ദൈനംദിന കാര്യങ്ങളിൽ ഇടപെടാറില്ല