കൊച്ചി: കൊച്ചിൻ പോർട്ട്ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾക്ക് വസ്തുനികുതി ഈടാക്കുന്നതിൽ കോർപ്പറേഷൻ വീഴ്ച വരുത്തുന്നതായി ഓഡിറ്റ് റിപ്പോർട്ടിൽ വിമർശനം. 29,30 ഡിവിഷനുകളിൽ ഉൾപ്പെടുന്ന പോർട്ട്ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ, നികുതി പരിഷ്കരണം, പണയത്തിനു നൽകിയിട്ടുള്ള കെട്ടിടങ്ങളുടെ നികുതി നിർണ്ണയം, പൊളിച്ചുകളഞ്ഞ കെട്ടിടങ്ങളുടെ വിവരശേഖരണം തുടങ്ങിയ കാര്യങ്ങളിലെല്ലാം കോർപ്പറേഷൻ വീഴ്ച വരുത്തിയെന്ന് റിപ്പോർട്ടിൽ . കോടികണക്കിനു തുകയാണ് ഈവകയിൽ കോർപ്പറേഷന് എല്ലാ വർഷവും നഷ്ടപ്പെടുന്നത്.
1993 ഏപ്രിൽ നാലിന് ഒപ്പിട്ട കരാർ പ്രകാരം കോർപ്പറേഷൻ പോർട്ട്‌ട്രസ്റ്റിന് 70 ശതമാനം നികുതിയിളവ് നൽകിയിട്ടുണ്ട്. എന്നാൽ ഈ തുക പോലും പോർട്ട് ട്രസ്റ്റ് കൃത്യമായി അടക്കുന്നില്ലെന്നാണ് ഓഡിറ്റ് കണ്ടെത്തൽ. അതേസമയം 1994 ലെ മുനിസിപ്പൽ നിയമമനുസരിച്ച് ഇത്തരത്തിൽ വസ്തുനികുതി ഇളവു നൽകുന്നതിന് കോർപ്പറേഷന് യാതൊരു അധികാരവുമില്ലെന്നും കരാർ പുന:പരിശോധിക്കണമെന്നും 2020 -21 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പറയുന്നു. 2020 ഡിസംബർ വരെ യു.ഡി.എഫും പിന്നീട് എൽ.ഡി.എഫുമായിരുന്നു കോർപ്പറേഷൻ ഭരിച്ചിരുന്നത്.
 അപാകതകൾ അക്കമിട്ട്
കൊച്ചിൻ പോർട്ട്ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ, പോർട്ട് ട്രസ്റ്റ് പാട്ട വ്യവസ്ഥയിൽ നൽകിയിരിക്കുന്ന കെട്ടിടങ്ങൾ എന്നിവയുടെ കൃത്യമായ വിവരങ്ങൾ കോർപ്പറേഷനിൽ ലഭ്യമല്ല.
കരാർ വ്യവസ്ഥയിൽ ഒടുക്കേണ്ട വസ്തു നികുതിയിൽ നിന്ന് യാതൊരു കുറവും വരുത്താൻ പാടില്ലെന്നാണ് നിയമം. എന്നാൽ വൈദ്യുതി നിരക്ക്, വെള്ളക്കരം എന്നിങ്ങനെ വിവിധിയിനം ചെലവുകൾ വസ്തു നികുതിയിൽ നിന്നു വെട്ടിക്കുറച്ചാണ് പോർട്ട് ട്രസ്റ്റ് നികുതി അടയ്ക്കുന്നത്. ഇതിനെതിരെ കോർപ്പറേഷൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
പോർട്ട്‌ട്രസ്റ്റിന്റെ അധീനതയിലുള്ള പ്രദേശങ്ങളിലെ പല അനധികൃത നിർമ്മാണങ്ങളുടെയും ക്രമവത്കരണം നടത്തിയിട്ടില്ലാത്തതിനാൽ പെർമിറ്റ് ഫീസ് ഇനത്തിലും കനത്ത തുക കോർപ്പറേഷന് നഷ്ടമാകുന്നു.
ഈ അപാകതകൾ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടുവെങ്കിലും കോർപ്പറേഷൻ മറുപടി നൽകിയില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് പറയുന്നു.
 വർദ്ധന നടപ്പാക്കിയില്ല
കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾക്ക് ഓരോ അഞ്ചു വർഷം കൂടുമ്പോഴും വസ്തുനികുതിയിൽ 15 ശതമാനം വർദ്ധന വരുത്തണമെന്ന് 2000 മാർച്ച് പത്തിന് കോർപ്പറേഷനും കൊച്ചിൻ പോർട്ട്ട്രസ്റ്റും തമ്മിൽ കരാർ ഒപ്പിട്ടിരുന്നു. എന്നാൽ പോർട്ട് ട്രസ്റ്റിലുണ്ടായിരുന്ന പൊളിച്ചുകളഞ്ഞ കെട്ടിടങ്ങൾ കണ്ടെത്തി അതെല്ലാം നികുതിയിൽ നിന്നും ഒഴിവാക്കണമെന്ന കരാറിലെ വ്യവസ്ഥ കോർപ്പറേഷൻ പാലിച്ചില്ലെന്ന കാരണം പറഞ്ഞ് പോർട്ട്‌ട്രസ്റ്റ് നികുതി വർദ്ധന തള്ളിക്കളഞ്ഞു.
 പോർട്ട് ട്രസ്റ്റ് അധികൃതർ
നിസഹകരിച്ചുവെന്ന്
പൊളിച്ചുമാറ്റിയ കെട്ടിടങ്ങൾ പട്ടികയിൽ നിന്നും ഒഴിവാക്കുന്നതിനും പുതിയ കെട്ടിടങ്ങളുടെ വിവരശേഖരണം പൂർത്തീകരിക്കുന്നതിനും പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചു. 663 കെട്ടിടങ്ങളുടെ നികുതിപരിഷ്കരണം പൂർത്തീകരിച്ചു. ബാക്കി കെട്ടിടങ്ങളുടെ വെരിഫിക്കേഷൻ നടപടികൾ തുടരുന്നു. പോർട്ട് ട്രസ്റ്റ് പ്രതിനിധികളുടെ നിസഹകരണം മൂലമാണ് നികുതി നിർണയം വൈകിയതെന്ന് കോർപ്പറേഷൻ അധികൃതർ പറയുന്നു.