sp-vivek-kumar
ആലുവ മണപ്പുറത്ത് കർക്കടകവാവ് ബലിതർപ്പണത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധിക്കുന്നു

ആലുവ: കർക്കടക മാസത്തിലെ കറുത്തവാവ് ദിവസത്തെ ബലിതർപ്പണങ്ങൾക്ക് പെരിയാറിന്റെ തീരം ഒരുങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ മണപ്പുറത്തും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ അദ്വൈതാശ്രമത്തിലും ഭക്തരെ വരവേൽക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രണ്ടിടത്തുമായി ലക്ഷത്തിലേറെപ്പേർ തർപ്പണത്തിനെത്തുമെന്നാണ് കരുതുന്നത്. ശിവരാത്രി കഴിഞ്ഞാൽ ഏറ്റവും അധികം ഭക്തർ തർപ്പണത്തിനെത്തുന്നത് കർക്കടക വാവിനാണ്. കൊവിഡ് കാലത്തെ രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് മണപ്പുറത്ത് ഇക്കുറി കർക്കടകവാവ് ബലി നടക്കുന്നത്.

നാളെ പുലർച്ചെ രണ്ടുമുതൽ മണപ്പുറത്ത് ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. ഉച്ചവരെ നീണ്ടുനിൽക്കും. ദേവസ്വം ബോർഡ് 80 ബലിത്തറകളാണ് മണപ്പുറത്ത് ഒരുക്കുന്നത്. ഇതിനകം 45 എണ്ണം ലേലത്തിൽ പോയി. ആവശ്യക്കാരെത്തിയാൽ ബാക്കിയുള്ളവ ഇന്നും നൽകുമെന്ന് മണപ്പുറം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ആർ. രാജീവ് പറഞ്ഞു. മേൽശാന്തിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ പ്രത്യേകപൂജകളുണ്ടാകും. കടവുകളിൽ സുരക്ഷാബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിന് പുറത്ത് ഭക്തർക്കായി പന്തൽ, വാഹനപാർക്കിംഗ് സൗകര്യം, പൊലീസിന് സുരക്ഷാ വാച്ച് ടവർ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വൈദ്യസഹായവും ആംബുലൻസ് സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസ് നടത്തും.

 ബലിതർപ്പണം പുലർച്ചെ 4.30 മുതൽ

അദ്വൈതാശ്രമത്തിൽ പുലർച്ചെ 4.30 മുതൽ ബലിതർപ്പണം ആരംഭിക്കും. പ്രത്യേക പന്തലിട്ട് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഭക്തരെ വരവേൽക്കുന്നതിനായി ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയുടെ നേതൃത്വത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി. ചടങ്ങുകൾക്ക് ആശ്രമം മേൽശാന്തി പി.കെ. ജയന്തൻ മുഖ്യകാർമ്മികത്വം വഹിക്കും സ്വാമി നാരായണ ഋഷി, മധു ശാന്തി, സൗമിത്രൻ ശാന്തി, ചന്ദ്രശേഖരൻ എന്നിവർ സഹകാർമ്മികരാകും.

കർക്കടകവാവ് ദിവസം ബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വസം. തലേന്ന് വ്രതമെടുത്ത് അമാവാസിദിവസം കുളിച്ചു ഈറനണിഞ്ഞ് മണ്മറഞ്ഞ പിതൃക്കളെ മനസ്സിൽ സങ്കൽപ്പിച്ച് ബലിയിടും. എള്ളും പൂവും ഉണക്കലരിയും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾകൊണ്ടാണ് ബലിതർപ്പണം നടത്തുക.

 പൊലീസ് സുരക്ഷ

കർക്കടകവാവ് ബലി ഡ്യൂട്ടിക്ക് റൂറൽജില്ലയിൽ 750 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ആലുവയിൽ മാത്രം രണ്ട് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ 400 ഉദ്യോഗസ്ഥരുണ്ടാകും. ജില്ലാ പൊലീസ് മേധാവി വിവേക്‌കുമാർ മണപ്പുറവും ക്ഷേത്രവും സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. ഡിവൈ.എസ്.പിമാരായ പി.കെ. ശിവൻകുട്ടി, ആർ. റാഫി, എസ്.എച്ച്.ഒ എൽ. അനിൽകുമാർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.