
മൂവാറ്റുപുഴ: എൽ.ഡി.എഫ് സർക്കാരിന്റെ നൂറുദിന പരിപാടിയിലുൾപ്പെടുത്തി ആവോലി ഗ്രാമ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ലാബിന്റെ ഉദ്ഘാടനത്തിൽ പഞ്ചായത്തിലെ ഇടതുപക്ഷമെമ്പർമാരെ ഒഴിവാക്കിയതിലും പ്രചാരണ ബോർഡുകളിൽ ഇടതുനേതാക്കളെ ഒഴിവാക്കിയതിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് ആവോലി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലാബിന്റെ സമാന്തര ഉദ്ഘാടനവും പ്രതിഷേധയോഗവും നടത്തി. ചൊവ്വാഴ്ച രാവിലെ 10ന് എം.എൽ.എ ഉദ്ഘാടനം ചെയ്യാനിരുന്ന ലാബ് രാവിലെ 9.30ന് ഇടതുപക്ഷ നേതാക്കളുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബിൾ സാബു സമാന്തര ഉദാഘാടനം നടത്തുകയായിരുന്നു. എൽ.ഡി.എഫ് കൺവീനർ കെ.ഇ.മജീദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ഷാജു വടക്കൻ സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം എ.ഐ.റ്റി.യു.സി സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗം കെ.എ. നവാസ് ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ കമ്മറ്റി അംഗങ്ങളായ യു.ആർ. ബാബു, വി.കെ.ഉമ്മർ , സി.പി.എം. ലോക്കൽ സെക്രട്ടറി എം.ജെ ഫ്രാൻസിസ് , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ.കെ. ശശി, പ്രേമ ടീച്ചർ, രാജേഷ് പൊന്നുംപുരയിടം, ഷെൽവി പ്രവീൺ എന്നിവർ സംസാരിച്ചു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്തിരുന്നു.