തൃപ്പൂണിത്തുറ: കോണോത്തുപുഴയുടെ പുനരുജ്ജീവനത്തിനായി സംസ്ഥാന സർക്കാർ 26 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ട്രൂറ ആരോപിച്ചു. ഭൂമി കൈയ്യേറ്റം കണ്ടെത്തി അതിർത്തി നിശ്ചയിക്കേണ്ട റവന്യൂ വകുപ്പ് ഈ കാര്യത്തിൽ കാണിക്കുന്ന അലംഭാവം പദ്ധതിയെ അട്ടിമറിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്ന് ചെയർമാൻ വി.പി. പ്രസാദും കൺവീനർ വി.സി. ജയേന്ദ്രനും പറഞ്ഞു. ഹരിത ട്രിബൂണലിന്റെ ഉത്തരവുപ്രകാരമാണ് 17 കി.മീറ്റർ ദൈർഘ്യമുള്ളതും തൃപ്പൂണിത്തുറ, ആമ്പല്ലൂർ, മുളന്തുരുത്തി, ചോറ്റാനിക്കര, ഉദയംപേരൂർ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അതിർത്തികളിലൂടെ കടന്നുപോകുന്നതുമായ കോണോത്തു പുഴയുടെ പുനരുജ്ജീവനത്തിന് സാഹചര്യം ഉണ്ടായത്. ഇതിനെ തുടർന്ന് സംസ്ഥാന സർക്കാർ 7.3.22 ൽ 26 കോടിയുടെ ഭരണാനുമതി നൽകിയെങ്കിലും റവന്യു വകുപ്പിന്റെ മെല്ലെപ്പോക്ക് പദ്ധതിയുടെ മുന്നോട്ടുളള പ്രവർത്തനം നിലച്ചതായി ജലസേചന വകുപ്പ് ട്രൂറയ്ക്ക് നൽകിയ കത്തിൽ പറയുന്നു. പുഴയിലെ മാലിന്യവും എക്കലും പോളപായലും നീക്കം ചെയ്യുകയും കണിയാവള്ളി, നെടുങ്ങാപുഴപാലങ്ങളുടെ പുനർനിർമാണമടക്കമുള്ള ബ്രഹത്തായ നവീകരണ ജോലി അടിയന്തിരമായി ആരംഭിക്കണമെന്നും ട്രൂറ ആവശ്യപ്പെട്ടു.