jafarmalik

കൊച്ചി: ജില്ലാ കളക്ടറായിരി​ക്കെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് തലവേദന സൃഷ്ടിച്ചതെന്ന് കളക്ടർ ജാഫർ മാലിക്. സ്ഥാനമൊഴുന്നതിനു മുന്നോടിയായി കേരളകൗമുദിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതികൾ ആവിഷ്‌കരിക്കുന്നതിലും നടത്തിപ്പിലും രാഷ്ട്രീയ വേർതിരിവുകൾ പ്രശ്നങ്ങളൊന്നും സൃഷ്ടി​ച്ചി​ല്ല. ജനപ്രതിനിധികളെല്ലാവരും നിർലോഭമായ പിന്തുണ നൽകി. പദ്ധതികളുടെ നടത്തിപ്പിൽ മറ്റൊരിടത്തും കാണാത്ത ഐക്യം ഇവിടുത്തെ ജനപ്രതിനിധികൾ തമ്മിലുണ്ടായിരുന്നുവെന്നത് അത്ഭുതപ്പെടുത്തി. പല പദ്ധതികളിലും എം.പിയും എം.എൽ.എമാരും മേയറുമെല്ലാം ഒരു ടീമായി തനിക്കൊപ്പം നിന്നു.

ദേശീയപാതാ

വികസനം തലവേദന
ഇടപ്പള്ളി- മൂത്തകുന്നം ദേശീയപാതാ വികസനമാണ് ഏറെ വെല്ലുവിളി സൃഷ്ടിച്ചത്. ആരും ഭൂമി വിട്ടുനൽകാത്തതും സമരങ്ങളുമെല്ലാം പരിഹരിക്കാൻ സമയമെടുത്തു. കോടതി വിധി അനുകൂലമായതോടെ നടപടികൾ രാപ്പകലില്ലാതെ വേഗത്തിലാക്കിയാണ് ഇവിടെ വരെയെത്തിച്ചത്.

തൃക്കാക്കര തിരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കാനായത് ഏറെ സന്തോഷം നൽകി. മുഖ്യമന്ത്രി​യും മന്ത്രിമാരും ജില്ലയിൽ കേന്ദ്രീകരിച്ചപ്പോൾ പഴുതടച്ച ക്രമീകരണങ്ങളൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിന്റെ മൂന്നാം വരവും ഒമിക്രോണുമെല്ലാം വെല്ലുവിളികളായിരുന്നുവെങ്കിലും അതെല്ലാം ഫലപ്രദമായി നേരിടാനായി. ഫയൽ തീർപ്പാക്കൽ പദ്ധതി പ്രതീക്ഷിച്ചതിലേറെ വേഗത്തിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇനിയുമേറെ ബാക്കി..
തുടങ്ങി വെച്ചതും ആലോചനയിലുള്ളതുമായ നിരവധി പദ്ധതികൾ ബാക്കിയാക്കിയാണ് മടക്കമെന്നും കളക്ടർ പറഞ്ഞു. അന്യസംസ്ഥാന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നടപ്പാക്കി വരുന്ന റോഷ്‌നി പദ്ധതി, ഡിമെൻഷ്യ ബാധിതർക്കായുള്ള ബോധി പദ്ധതി എന്നിവ തന്റെ സ്വപ്‌ന പദ്ധതികളായിരുന്നു. ഇവ കുറച്ചുകൂടി വിപുലീകരിക്കാനുള്ള ശ്രമത്തിനിടെയാണ് മാറ്റം. ഗിഫ്റ്റ് സിറ്റി, വാട്ടർ മെട്രോയുടെ അടുത്ത ഘട്ട സ്ഥലമേറ്റെടുപ്പ് എന്നിവയായിരുന്നു മുന്നിലുണ്ടായിരുന്ന അടുത്ത ബൃഹദ് പദ്ധതികൾ.

വടുതല ബണ്ട്

പരിഹരിക്കാൻ ഏറെ ശ്രമിച്ചു
വടുതല ബണ്ടുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാൻ ദുരന്തനനിവാരണ വിഭാഗം ചെയർമാൻ എന്ന നിലയിൽ ഏറെ ശ്രമിച്ചിരുന്നു. ബണ്ട് പൊളി​ക്കണമെന്നു തന്നെയായിരുന്നു നിലപാട്. പ്രശ്നം കോടതിയിലെത്തിയതോടെ കളക്ടറുടെ ഇടപെടലിന് പരിമിതികൾ ഉണ്ടായതായി ജാഫർ മാലി​ക് പറഞ്ഞു.