accident

മൂവാറ്റുപുഴ: കടാതിയിൽവെച്ച് കാർ മതിലിൽ ഇടിച്ച് കാറിലുണ്ടായിരുന്ന യുവാവ് മരിച്ചു. മേക്കടമ്പ് ഉള്ളനാട്ട് പുരുഷോത്തമന്റെ മകൻ അമലാണ് (26) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഭിഷേക് ക്ഷമജ്‌ (25) രക്ഷപെട്ടു. ഇന്നലെ പുലർച്ചെ മൂന്നോടെ കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ കടാതിയിലായിരുന്നു അപകടമുണ്ടായത്. എയർപോർട്ടിൽനിന്ന് തിരികെ മൂവാറ്റുപുഴയിൽ എത്തിയശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ കടാതിക്ക് സമീപം വെച്ച് ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മൂവാറ്റുപുഴയിൽനിന്ന് ഫയർഫോഴ്സെത്തിയാണ് അമലിനെ പുറത്തെടുത്തത്. കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാവ് :ഉഷ. സഹോദരൻ: അനൂപ്.