human

കൊച്ചി: ഹ്യൂമൻ റൈറ്റ്‌സ് കമ്മിഷൻ വൈസ് ചെയർമാൻ എന്ന ബോർഡ് വച്ച വാഹനത്തിലെത്തിയ രണ്ടു പേർ സ്കൂളിലെ പാചകത്തൊഴിലാളിയായ വയോധികയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സമഗ്രമായ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയും ഗതാഗത വകുപ്പ് കമ്മിഷണറും സംഭവത്തെ കുറിച്ചു അന്വേഷണം നടത്തി റിപ്പോർട്ട് നൽകണം. ആഗസ്റ്റ് 30 ന് എറണാകുളത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കോതമംഗലം വെണ്ടുവഴി സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. കഴിഞ്ഞ ആറിനായിരുന്നു സംഭവം. വിദേശജോലിക്കാരനായ ഇവരുടെ മകന് മറ്റൊരാളുമായി സാമ്പത്തിക തർക്കമുണ്ടെന്നാണ് ആരോപണം.