
തൃക്കാക്കര: യുവനടിക്കൊപ്പം മദ്യലഹരിയിൽ വാഹനമോടിച്ച് പത്തിലേറെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച കേസിൽ യുവാവിനെ തൃക്കാക്കര പൊലീസ് അറസ്റ്റുചെയ്തു. കാക്കനാട് ചിറ്റേത്തുകര പറയൻമൂലയിൽ നൗഫലാണ് (32) അറസ്റ്റിലായത്. ഇരുവരും ആലുവ മുതൽ അപകടകരമായ രീതിയിലാണ് വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ ഒരാളുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റു.
സമീപമുണ്ടായിരുന്ന നിരവധി ബൈക്കുകളും കാറുകളും ഇടിച്ചുതെറിപ്പിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. പിന്തുടർന്നെത്തിയ നാട്ടുകാരാണ് തൃക്കാക്കര ക്ഷേത്രത്തിന് സമീപം ടയർപൊട്ടിയ നിലയിൽ ഇവരുടെ കാർ കണ്ടെത്തിയത്. തുടർന്ന് പൊലീസിന് കൈമാറി. ഇരുവരെയും കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് യുവതിയെ വിട്ടയച്ചു. ആറ് ബൈക്കുകളും മൂന്നുകാറുകളും ഇടിച്ചുതെറിപ്പിച്ചതായി പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്.