antony-raju

കൊച്ചി: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാരോപിച്ച് മന്ത്രി ആന്റണി രാജുവിനെതിരെ രജിസ്റ്റർചെയ്ത കേസിൽ വിചാരണ നീണ്ടുപോയത് ഗൗരവമേറിയ വിഷയമാണെന്ന് ഹൈക്കോടതി. എങ്ങനെയാണ് നീണ്ടുപോയതെന്ന് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ വാക്കാൽ ചോദിച്ചു. കേസിൽ വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് തൃശൂരിലെ പൊതുപ്രവർത്തകൻ ജോർജ് വട്ടുകുളം നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കും.

ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് സർക്കാർ വാദിച്ചെങ്കിലും സിംഗിൾബെഞ്ച് അംഗീകരിച്ചില്ല. പൊതുജനങ്ങൾക്ക് ഇത്തരം വിഷയങ്ങളിൽ നിയമാനുസൃതമായി ഇടപെടാനാവുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനും കോടതിയിലെ തൊണ്ടി ക്ളാർക്കായിരുന്ന ജോസിനുമെതിരെ 16വർഷംമുമ്പ് കുറ്റപത്രം നൽകിയിരുന്നു. 2014ൽ നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിക്ക് കുറ്റപത്രം കൈമാറിയെങ്കിലും ഇതുവരെ വിചാരണ തുടങ്ങിയില്ല.