കൊച്ചി: വൈദ്യുതിചാർജ് വർദ്ധനയിൽ പ്രതിഷേധിച്ച് ഹോസ്റ്റൽ ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി കലൂർ സ്റ്റേഡിയം കെ.എസ് ഇ.ബി ഓഫീസിലേക്ക് മാർച്ച് നടത്തി. പാലാരിവട്ടം മുതൽ കലൂർ സ്റ്റേഡിയംവരെ നടന്ന പ്രകടനത്തിൽ നൂറുകണക്കിന് ഹോസ്റ്റൽ നടത്തിപ്പുകാരും, ജീവനക്കാരും പങ്കെടുത്തു. പ്രസിഡന്റ് ഫൈസൽ കോഴിക്കോട് ഉദ്‌ഘാടനം ചെയ്തു. വൈദ്യുതിനിരക്ക് വർദ്ധന എത്രയുംവേഗം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി നവാസ് വയൽക്കര, ട്രഷറർ ഷാലി തോമസ് കോട്ടയം, വൈസ് പ്രസിഡന്റ് സജിജോർജ് കണ്ണൂർ, സുലൈമാൻ തൃക്കാക്കര എന്നിവർ പ്രസംഗിച്ചു.