ആലുവ: എടത്തല സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ ഗോഡൗൺ ഏറ്റെടുത്ത ശേഷം അവസാന നിമിഷം റദ്ദാക്കിയ ബീവറേജ് കോർപ്പറേഷൻ നടപടി 65 ഓളം ചുമട്ടുത്തൊഴിലാളികളെയും കുടുംബത്തെയും പട്ടിണിയിലാക്കിയതായി പരാതി. ബീവറേജസ് കോർപ്പറേഷനിലെ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തുണ്ടായ മാറ്റമാണ് തൊഴിലാളികളെ വലച്ചത്.

ചൂണ്ടിയിൽ പ്രവർത്തിക്കുന്ന ബീവേറേജ് കോർപ്പറേഷൻ മദ്യം സ്റ്റോക്കുചെയ്യുന്നതിന് വേണ്ടിയാണ് 40,000 ചതുരശ്രയടിയോളം വരുന്ന നാല് ഗോഡൗൺ 10 വർഷത്തേയ്ക്ക് വാടകയ്‌ക്കെടുത്തത്. സർക്കാർ സ്ഥാപനമെന്ന നിലയിൽ വാടകയിൽ പത്ത് ശതാമാനം ഇളവും നൽകി. രണ്ട് മാസത്തെ വാടകയും കോർപ്പറേഷൻ അടച്ചു.

മദ്യ കുപ്പികളിൽ സ്റ്റിക്കർ പതിക്കുന്നതിനായി കുടുംബശ്രീ മുഖേന 10 സ്ത്രീകളെയും ദിവസവേതനത്തിന് നിയമിച്ചു. നാളെ മുതൽ ഗോഡൗൺ പ്രവർത്തനം ആരംഭിക്കാനുള്ള നടപടികൾ പൂർത്തിയപ്പോഴാണ് കരാർ റദ്ദാക്കാൻ ഉന്നത തലത്തിൽ നിന്ന് നിർദ്ദേശമെത്തിയത്.

ശ്യാം സുന്ദർ ബീവറേജസ് കോർപ്പറേഷൻ എം.ഡിയായിരിക്കെയാണ് സംസ്ഥാനത്ത് അഞ്ച് പുതിയ ഗോൗണുകൾ കൂടി തുറക്കാൻ തീരുമാനിച്ചത്. ഗോഡൗൺ എടുത്ത് നടപടികളെല്ലാം പൂർത്തിയാക്കിയപ്പോഴേക്കും എം.ഡിക്ക് സ്ഥാനചലനമുണ്ടായി. പുതിയ എം.ഡിയായെത്തിയ യോഗേഷ് ഗുപ്തയാണ് ഒന്നൊഴികെയുള്ളവ ഉപേക്ഷിക്കാൻ നിർദ്ദേശിച്ചത്.

എടത്തലയിലെ സെൻട്രൽ വെയർഹൗസിംഗ് ഗോഡൗണിൽ പ്രവർത്തിച്ചിരുന്ന കുന്നത്തുനാട് താലൂക്കിലെ സപ്ളൈക്കോയുടെ ഗോഡൗൺ ഒഴിവാക്കിയാണ് ബീവറേജസ് കോർപ്പറേഷന് നൽകിയത്. രണ്ട് വിഭാഗവും ഒഴിവായതോടെയാണ് തൊഴിലാളികൾ പട്ടിണിയിലായി.

നടപടികൾ പൂർത്തിയായ സ്ഥിതിക്ക് ഗോഡൗൺ നിലനിർത്തണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭം ആരംഭിക്കുമെന്നും സമരസമിതി നേതാക്കളായ സി.പി. ലത്തീഫ്, അബ്ദുൾ കെരീം (സി.ഐ.ടി.യു), എം.എം. ഷിഹാബുദ്ദീൻ (ഐ.എൻ.റ്റി.യു.സി), ഡിൽജോ ജോൺസൻ എസ്.റ്റി.യു) ജോമി ജോൺ (എ.ഐ.റ്റി.യു.സി) എന്നിവർ അറിയിച്ചു.