
പറവൂർ: പൊക്കാളി കൃഷിയുടെ വ്യാപനം ലക്ഷ്യമിട്ട് പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന പൊക്കാളി റൈസ് മിൽ 30ന് രാവിലെ 11ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി. രാജീവ്, പി. പ്രസാദ് എന്നിവർ മുഖ്യാതിഥികളാകും.
റൈസ് മിൽ ആരംഭിക്കുന്നതോടെ തരിശായി കിടക്കുന്ന കുടുതൽ പാടശേഖരങ്ങളിൽ പൊക്കാളി നെൽക്കൃഷി വീണ്ടും തുടങ്ങും. പൊക്കാളി കൃഷി തിരിച്ചു കൊണ്ടുവരാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. കർഷകർക്കു മികച്ച വരുമാനം ഉറപ്പുവരുത്തും. കേരളത്തിൽ പൊക്കാളി കൃഷി കൂടുതലുള്ള എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ ഉത്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും കർഷകർക്ക് ഉയർന്ന വില നൽകി ബാങ്ക് സംഭരിക്കും.
അരിയും പുട്ടുപൊടി, അപ്പപ്പൊടി തുടങ്ങി പതിമൂന്ന് മൂല്യവർദ്ധിത ഉൽപന്നങ്ങളുമാക്കി വിപണിയിലിറക്കും. മൂന്ന് ജില്ലകളിലായി 7,000 ഹെക്ടർ പൊക്കാളിപ്പാടങ്ങൾ ഉള്ളതിൽ 5,040 ഹെക്ടറും എറണാകുളം ജില്ലയിലാണ്. അതിൽ കൃഷി ചെയ്യുന്ന 460 ഹെക്ടറിൽ 96 ഹെക്ടറും ഏഴിക്കരയിലാണ്. മികച്ച വരുമാനം കർഷകർക്ക് നൽകുന്നതിലൂടെ കൂടുതൽ പാടങ്ങളിൽ കൃഷി സജീവമാകുമെന്നാണ് പ്രതീക്ഷ.
സഹകരണ വകുപ്പിന്റെ പ്ലാൻഫണ്ട് 90 ലക്ഷം രൂപയും നബാർഡ് മുഖേന ലഭിച്ച കേന്ദ്ര സർക്കാരിന്റെ അഗ്രികൾചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് മൂന്ന് കോടി രൂപയും ഉൾപ്പെടെ അഞ്ചര കോടി രൂപ മുടക്കിയാണ് റൈസ് മിൽ നിർമ്മിച്ചത്. ഒരേക്കർ ഭൂമിയിൽ ആധുനിക സംവിധാനങ്ങളോടെ സ്ഥാപിച്ച മില്ലിൽ നെല്ല് സംഭരിച്ച് കഴുകി ഉണക്കി ഉമി കളഞ്ഞു തവിടോടു കൂടിയും തവിട് ഇല്ലാതെയും പാക്കറ്റിലാക്കി വരുന്ന തരത്തിലുള്ള ഓട്ടമാറ്റിക് മെഷീനാണ് സജ്ജീകരിച്ചിട്ടുള്ളത്. കെ. ഡിസ്കിന്റെ മേൽനോട്ടത്തിലുള്ള കേരള ഫുഡ് പ്ലാറ്റ്ഫോം വഴിയും ഓൺലൈനായി ഉത്പന്നങ്ങൾ ലഭ്യമാക്കും. സർക്കാരിന്റെ എക്സലൻസി അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ഇതിലൂടെ ബാങ്കിന് ലഭിച്ചതായും പ്രസിഡന്റ് എം.എസ്. ജയചന്ദ്രൻ, സെക്രട്ടറി വി.വി. സനിൽ, ഭരണസമിതി അംഗങ്ങളായ എം.ബി. ചന്ദ്രബോസ്, പി. വി രവി, മിനി ഡേവിഡ്, ലസിതമുരളി, എ.സി. രേണുക എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.