കൊച്ചി: സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിക്കുന്ന നവസങ്കൽപ് യാത്ര ആഗസ്റ്റ് 9 മുതൽ 15 വരെ നടക്കും. ദിവസം രണ്ട് നിയോജക മണ്ഡലങ്ങളിലെ നാല് ബ്ലോക്ക് കമ്മിറ്റികളുടെ പ്രധാന വീഥികളിലൂടെയാണ് പദയാത്ര.
മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ ആഗസ്റ്റ് 7ന് വിളംബരജാഥ നടത്തും. ക്വിറ്റ് ഇന്ത്യാ ദിനത്തിൽ എല്ലാ ബൂത്തുകളിലും പതാക ഉയർത്തും. സ്വാതന്ത്ര്യസമര സേനാനികളെ വീടുകളിൽ സന്ദർശിച്ച് ആദരിക്കും.
കെ.പി. ധനപാലൻ (വൈപ്പിൻ, പറവൂർ), പി.ജെ. ജോയി (പെരുമ്പാവൂർ, കാലടി), കെ.എം. സലിം (കോതമംഗലം, മൂവാറ്റുപുഴ), വി.പി. സജീന്ദ്രൻ (കുന്നത്തുനാട്, പിറവം), അബ്ദുൾ മുത്തലിബ് (ആലുവ, കളമശേരി), ദീപ്തി മേരി വർഗീസ് (തൃപ്പൂണിത്തുറ, തൃക്കാക്കര), എൻ. വേണുഗോപാൽ, ഡൊമിനിക് പ്രസന്റേഷൻ (എറണാകുളം, കൊച്ചി) എന്നിവർക്കാണ് ചുമതല.
9ന് വൈകിട്ട് മൂന്നിന് വൈപ്പിൻ സഹോദരൻ അയ്യപ്പൻ നഗറിൽനിന്ന് പദയാത്ര തുടങ്ങും. പറവൂരിൽ സമാപിക്കും. 10ന് പെരുമ്പാവൂർ, കാലടി, അങ്കമാലി, 11ന് കോതമംഗലം, മൂവാറ്റുപുഴ, 12ന് പിറവം, രാമമംഗലം, കുന്നത്തുനാട്, 13ന് ആലുവ യു.സി കോളേജ്, കളമശേരി, സൗത്ത് കളമശേരി, 14ന് തൃപ്പൂണിത്തുറ ടൗൺ, തൃക്കാക്കര, വെണ്ണല, 15ന് എറണാകുളം, കൊച്ചി എന്നിവിടങ്ങളിലാണ് പദയാത്ര. ദിവസവും 1500 പേർ പങ്കെടുക്കുന്ന 7 ദിവസം നീണ്ടുനിൽക്കുന്ന പദയാത്ര ജില്ലയിലെ 28 ബ്ലോക്കുകളിലൂടെ കടന്നുപോകും.