കൊച്ചി: കർക്കടക വാവായ ഇന്ന് തിരുവനന്തപുരം ശംഖുംമുഖം കടപ്പുറത്ത് ബലിതർപ്പണത്തിന് അനുമതി നിഷേധിച്ച കളക്ടറുടെ നടപടിയെ ഹൈക്കോടതി ശക്തമായി അപലപിച്ചു. ശംഖുംമുഖത്ത് പിതൃതർപ്പണത്തിന് അനുമതി നിഷേധിച്ച് ജൂലായ് 11ന് ജില്ലാ ദുരന്തനിവാരണ സമിതി അദ്ധ്യക്ഷനായ കളക്ടർ ഇറക്കിയ ഉത്തരവിനെതിരെ ഭാരതീയ ജ്യോതിഷ വിചാരസംഘം നൽകിയ ഹർജിയിൽ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് അതൃപ്തി രേഖപ്പെടുത്തിയത്. തിരുവിതാംകൂർ ദേവസ്വംബോർഡുമായി ആലോചിക്കാതെയാണ് കളക്ടർ ഉത്തരവിറക്കിയത്. ഇത് ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി അടിയന്തര സാഹചര്യമില്ലെങ്കിൽ ദേവസ്വംബോർഡിനോട് ആലോചിക്കാതെ ഇത്തരം കാര്യങ്ങളിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി തീരുമാനമെടുക്കരുതെന്ന് താക്കീതും നൽകി.

ഇത്തവണ ശംഖുംമുഖത്ത് പിതൃതർപ്പണത്തിന് സൗകര്യമൊരുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കളക്ടറുടെ ഉത്തരവിനെത്തുടർന്ന് നടപടിയെടുത്തില്ലെന്ന് ദേവസ്വംബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. ബോർഡ് പിതൃതർപ്പണത്തിന് ഒരുക്കങ്ങൾ നടത്താത്ത സാഹചര്യത്തിൽ ഉത്തരവിന്റെ നിയമ സാധുതയിലേക്ക് കടക്കുന്നില്ലെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി.

ശംഖുംമുഖത്ത് പിതൃതർപ്പണം നടത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് വലിയതുറ പൊലീസ് നൽകിയ അപേക്ഷയിൽ ജൂലായ് 11ന് യോഗം ചേർന്നാണ് തീരത്തെ അപകടസാദ്ധ്യതകൾ വിലയിരുത്തി കളക്ടർ തീരുമാനമെടുത്തത്. ശംഖുംമുഖം കടപ്പുറത്തിന്റെ ചിത്രങ്ങളും ഇതിന് തെളിവായി ഹാജരാക്കിയിരുന്നു. എന്നാൽ ഹർജിക്കാർ ഇതിനെ എതിർത്തു. മതിയായ കാരണങ്ങളില്ലാതെയാണ് അനുമതി നിഷേധിച്ചതെന്ന് ചൂണ്ടിക്കാട്ടിയ ഇവരും ചിത്രങ്ങൾ ഹാജരാക്കിയിരുന്നു.