കൊച്ചി: വെള്ളപ്പൊക്ക ഭീഷണിക്ക് കാരണമാകുന്ന വടുതല ബണ്ട് നീക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിർദേശ പ്രകാരം രൂപീകരിക്കപ്പെട്ട സമിതിക്ക് ഇതുവരെ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനായില്ല. കഴിഞ്ഞമാസമാദ്യം പ്രാഥമിക റിപ്പോർട്ടും അതിനുശേഷം മൂന്ന് മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ടും നൽകണമെന്നായിരുന്നു കോടതി നിർദേശം. പാലം നിർമ്മിച്ച അഫ്‌കോൺസും കരാർ നൽകിയ റെയിൽവികാസ് നിഗം ലിമിറ്റഡും ഒപ്പിടാത്തതതാണ് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്നത്. വടുതല ബണ്ടുമായി ബന്ധപ്പെട്ട കേസ് കോടതി ഇന്നലെയും പരിഗണിച്ചെങ്കിലും അടുത്ത മാസം നാലിലേക്ക് മാറ്റി.
അഫ്‌കോൺസിന്റെയും റെയിൽവികാസ് നിഗം ലിമിറ്റഡിന്റെയും ഒപ്പുകളില്ലാതെ സമർപ്പിക്കുന്ന റിപ്പോർട്ട് ഏകപക്ഷീയമാകുമെന്ന വിലയിരുത്തലിലാണ് കോടതിക്ക് കൈമാറാത്തതെന്ന് വിദഗ്ദ്ധ സമിതി വ്യക്തമാക്കി. ഇതിനു മുന്നോടിയായി ഒപ്പിടാനായി കമ്മിറ്റി അംഗങ്ങൾക്ക് റിപ്പോർട്ട് വീണ്ടും സമിതി അദ്ധ്യക്ഷൻ അയച്ചിട്ടുണ്ട്. ഇത് പൂർത്തിയായൽ ഉടൻ പ്രാഥമിക റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.
ജൂൺ 23ന് പ്രദേശത്ത് തെളിവെടുപ്പ് നടത്തിയ സമിതി അംഗങ്ങൾ വിശദമായ സാങ്കേതിക പഠനത്തിലൂടെ ലഭിച്ച കണ്ടെത്തലുകൾ അദ്ധ്യക്ഷൻ പ്രണബ് ജ്യോതിനാഥിന് നൽകിയിരുന്നു. ബണ്ട് നീക്കിയില്ലെങ്കിൽ ആലുവ വരെ വെള്ളപ്പൊക്കം ഉറപ്പെന്ന ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനിയറുടെ കണ്ടെത്തലിന് സമാനമായ റിപ്പോർട്ടാണ് കേരള എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും നൽകിയതെന്നാണ് വിവരം. ഇറിഗേഷൻ റിപ്പോർട്ട് ലോകായുക്തയും ശരിവച്ചിരുന്നു.
അന്തിമ റിപ്പോർട്ടിന് അവസാനരൂപം
പ്രാഥമിക പഠന റിപ്പോർട്ട് സമർപ്പണം വൈകുന്നതിനിടെ ജലവിഭവ സെക്രട്ടറി പ്രണബ് ജ്യോതിനാഥ് അദ്ധ്യക്ഷനായ സമിതി മൂന്ന് മാസത്തിനകം കോടതിക്ക് നൽകേണ്ട അന്തിമ റിപ്പോർട്ടും പൂർത്തിയായി. അന്തിമ റിപ്പോർട്ടന്മേലുള്ള അവസാനവട്ട പരിശോധനകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് വിവരം. ബണ്ട് അടിയന്തരമായി പൊളിച്ചു നീക്കണമെന്ന വിവിധ വകുപ്പുകളുടെ കണ്ടെത്തൽ മുൻനിർത്തിയാണ് സമിതി റിപ്പോർട്ട് അന്തിമമാക്കിയിരിക്കുന്നത്.
റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതിന് കാത്തിരിക്കുകയാണ്. ബണ്ട് പൊളിക്കുമെന്നതിൽ ഉറച്ച പ്രതീക്ഷയുണ്ട്.
സന്തോഷ് ജേക്കബ്,
സോഷ്യൽ വെൽഫെയർ ആക്ഷൻ അലയൻസ് സൊസൈറ്റി