കൊച്ചി: പ്രമുഖ എൻ.ബി.എഫ്‌.സിയായ മുത്തൂറ്റ് ഫിനാൻസിന്റെ പുനരധിവാസ പദ്ധതിയായ മൂത്തൂറ്റ് ആഷിയാനയുടെ ഭാഗമായി 200 വീടുകൾ നിർമ്മിച്ചു കൈമാറി. എല്ലാ ഗുണഭോക്താക്കളെയും ഉൾപ്പെടുത്തിയുള്ള ചടങ്ങ് എറണാകുളം കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടൻ ജയറാം ഉദ്ഘാടനം ചെയ്തു. 2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് മുത്തൂറ്റ് ഫിനാൻസിന്റെ സാമൂഹ്യ പ്രതിബദ്ധതാ പരിപാടിയിയായ മുത്തൂറ്റ് ആഷിയാന ആരംഭിച്ചത്. പദ്ധതിക്കായി മുത്തൂറ്റ് ഫിനാൻസ് 20 കോടി രൂപയാണ് ചെലവഴിച്ചത്. പറവൂർ, ആലുവ, ചെങ്ങന്നൂർ, ആറൻമുള, തിരുവല്ല, കോഴഞ്ചേരി, കുട്ടനാട്, കുമരകം, തൊടുപുഴ, മലപ്പുറം, ചെല്ലാനം, തൃശൂർ, ഇടുക്കി തുടങ്ങി പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിലാണ് നിർമ്മാണങ്ങൾ നടപ്പാക്കിയത്.

പ്രളയത്തിന്റെ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്നതിനും അവരുടെ വ്യക്തിപരമായ നഷ്ടം നേരിടാൻ അവരെ സഹായിക്കുന്നതിനുമായി സ്വീകരിച്ചതാണ് ഈ പദ്ധതിയെന്നും അത് വിജയിച്ചതിൽ അഭിമാനമുണ്ടെന്നും മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ്ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു. പ്രളയത്തിന്റെ വിപത്തുകൾ അനുഭവിച്ചവരെ സഹായിക്കാൻ മുത്തൂറ്റ് ഫിനാൻസ് മുന്നോട്ടുവന്നതിനെ അഭിനന്ദിക്കുന്നുവെന്ന് നടൻ ജയറാം പറഞ്ഞു. മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് അദ്ധ്യക്ഷത വഹിച്ചു.

മുത്തൂറ്റ് സി.എസ്.ആർ ഹെഡ് ബാബു ജോൺ മലയിൽ, മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ്ജ് അലക്‌സാണ്ടർ, മുത്തൂറ്റ് ഫിനാൻസ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ജോർജ്ജ് തോമസ് മുത്തൂറ്റ്, എം.എൽ.എമാരായ ടി. ജി. വിനോദ്, അൻവർ സാദത്ത്, മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ്ജ് എം. ജോർജ്ജ്, മുത്തൂറ്റ് ഫിനാൻസ് എക്‌സിക്യുട്ടീവ് ഡയറക്ടർ കെ. ആർ. ബിജിമോൻ, തൊടുപുഴ അർച്ചന ആശുപത്രി എം.ഡി ഡോ. മൈത്രേയ്, കൂത്താട്ടുകുളത്ത് ആഷിയാന പദ്ധതിക്കായി ഭൂമി നൽകിയ വി.ജെ. ലൂക്കോസ്, വനിതാ കൗൺസിൽ സെക്രട്ടറി റോസക്കുട്ടി എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.