cinipolis

കൊച്ചി: എറണാകുളം എം.ജി റോഡിലെ സെന്റർ സ്‌ക്വയർ മാളിൽ വീണ്ടും സിനിമാക്കാലം. 11 സ്ക്രീനുകളും 1500 ഇരിപ്പിടങ്ങളുമായി സിനി പോളിസ് മൾട്ടിപ്ലക്‌സ് തിയേറ്ററുകളാണ് നാളെ തുറക്കുന്നത്. മാളിന്റെ ആറാം നിലയിലാണ് തിയേറ്ററുകൾ. ഉച്ചയ്ക്ക് ഒന്നിന് സുരേഷ് ഗോപി സിനിമയായ പാപ്പാനാണ് ആദ്യചിത്രം.

ആകെ 11 സ്‌ക്രീനുകളിൽ മൂന്നെണ്ണം വി.ഐ.പി വിഭാഗത്തിലാണ്. ടിക്കറ്റ് കൗണ്ടറുകൾ, ഡിസ്‌പ്ലേ സംവിധാനം, ഭക്ഷണശാലകൾ, വിശാലമായ ലോബി, കിയോസ്‌ക്കുകൾ, ഇരിപ്പിടങ്ങളിൽ നിന്ന് ഭക്ഷണപാനീയങ്ങൾ ഓർഡർ ചെയ്യാൻ സൗകര്യം തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.

ബ്രിഡ്‌ജ്‌വേ ഗ്രൂപ്പിനു കീഴിലെ പീവീസ് പ്രോജക്ട് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള മാളിൽ മെക്‌സിക്കൻ സിനിമാ പ്രദർശന ഗ്രൂപ്പായ സിനിപോളിസാണ് തിയേറ്ററുകൾ ഒരുക്കിയത്.

2015ൽ പ്രവർത്തനം ആരംഭിച്ച മാളിലെ തിയേറ്ററുകൾ 2017ലാണ് അടച്ചുപൂട്ടിയത്. അഗ്നിശമന സംവിധാനങ്ങൾ നിയമപരമായി നടപ്പാകാത്തത് കണ്ടെത്തിയതിനെ തുടർന്ന് ലൈസൻസ് റദ്ദാക്കുകയായിരുന്നു.

30 മൾട്ടി പ്ലസുകൾ

 സെന്റർ മാളിലെ ഉൾപ്പടെ 30 ഓളം മൾട്ടിപ്ലക്‌സ് തിയേറ്ററുകളാണ് ഉടനെ തന്നെ എറണാകുളത്ത് തുറക്കുന്നത്. മരടിലെ പുതിയ മാളിൽ ഒമ്പത് സ്‌ക്രീനുകളുള്ള പി.വി.ആറിന്റെ പുതിയ മൾട്ടിപ്ലക്‌സും പാലാരിവട്ടത്ത് 15 നിലകളുള്ള മാളിൽ മറ്റൊരു മൾട്ടിപ്ലക്‌സും നിർമ്മാണത്തിന്റെ അന്തിമഘട്ടത്തിലാണ്.

കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയുടെ കീഴിലാണ് മൾട്ടിപ്ളക്സ് നിർമ്മാണം തുടങ്ങുന്നുണ്ട്. കളമശ്ശേരിയിൽ മറ്റൊരു പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.

25 മുതൽ 100 സീറ്റിംഗ് കപ്പാസിറ്റിയിലുള്ള തിയേറ്ററുകളാണിവ. ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും കുടുംബങ്ങൾ മൾട്ടി പ്ലക്‌സ് തിയേറ്ററുകൾക്കാണ് മുൻഗണന നൽകുന്നത്. നിലവിൽ ലുലു, ഒബ്രോൺ മാളുകളിലായി 13 ഉം ഷേണായിസിൽ അഞ്ചും സ്‌ക്രീനുകളാണുള്ളത്.