ആലുവ: കർക്കടക മാസത്തിലെ അമാവാസി നാളിൽ പെരിയാറിൽ മുങ്ങിക്കുളിച്ച് ഭക്തലക്ഷങ്ങൾ പിതൃതർപ്പണം നടത്തി മടങ്ങി. കൊവിഡിനെ തുടർന്നുണ്ടായ രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം നടന്ന ബലിതർപ്പണത്തിന് വൻ ഭക്തജന തിരക്കായിരുന്നു. പെരിയാറിന്റെ ഇരുകരകളിലുമായി രണ്ടുലക്ഷത്തോളംപേർ തർപ്പണം നടത്തി മടങ്ങിയെന്നാണ് കരുതുന്നത്.

തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ നേതൃത്വത്തിൽ മണപ്പുറത്ത് അമ്പതോളം താത്കാലിക ബലിത്തറകൾ ഒരുക്കിയിരുന്നു. ബുധനാഴ്ച്ച അർദ്ധരാത്രിയോടെ മണപ്പുറത്ത് ബലിതർപ്പണം ആരംഭിച്ചു. ദൂരെദിക്കുകളിൽ നിന്നുള്ളവർ നേരത്തെയെത്തി ബലിയിട്ട് മടങ്ങി. ഇന്നലെ ഉച്ചവരെ തർപ്പണചടങ്ങുകൾ നീണ്ടുനിന്നു. പുല‌ർച്ചെ മണപ്പുറം നടപ്പാലത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഒരു മണിക്കൂറിലേറെ പാലത്തിൽ ക്യൂനിൽക്കേണ്ടിവന്നു. മേൽശാന്തി മുല്ലപ്പിള്ളിമന ശങ്കരൻ നമ്പൂരിതിരിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ പ്രത്യേകപൂജകളും നടന്നു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ അദ്വൈതാശ്രമത്തിൽ ഒരേസമയം 1000 പേർക്ക് തർപ്പണം നടത്തുന്നതിനുള്ള സൗകര്യമുണ്ടിയിരുന്നു. പുലർച്ചെ 4.30 മുതൽ ആശ്രമം മേൽശാന്തി പി.കെ. ജയന്തൻ മുഖ്യകാർമ്മികത്വത്തിൽ ബലിതർപ്പണം നടന്നു. ഉച്ചയ്ക്ക് രണ്ടുവരെ തർപ്പണത്തിനായി ഭക്തരെത്തി. ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ നേതൃത്വം നൽകി. ഇതര ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നിരവധി വാളണ്ടിയർമാർ സേവനരംഗത്തുണ്ടായത് ഭക്തർക്ക് ആശ്വാസമായി.

പെരിയാറിന്റെ ഇരുകരകളിലുമായി വിപുലമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ആലുവ ഫയർഫോഴ്‌സിന്റെ സ്‌കൂബ ടീമും മുങ്ങൽ വിദഗ്ദ്ധരും എത്തിയിട്ടുണ്ട്.

 തർപ്പണത്തിന് അമിത നിരക്ക് ഈടാക്കിയെന്ന്

മണപ്പുറത്ത് ബലിതർപ്പണത്തിന് അമിതനിരക്ക് ഈടാക്കിയതായി പരാതി. തർപ്പണം നടത്തുന്നതിന് 75 രൂപ ഫീസ് ദേവസ്വം ബോർഡ് നിശ്ചയിച്ച് ബോർഡുകൾ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ പുരോഹിതന്മാർ 100 രൂപ വച്ച് ഈടാക്കിയതായാണ് ആക്ഷേപം. 75 രൂപ കൃത്യമായി നൽകിയവരിൽനിന്ന് 100 രൂപ ചോദിച്ച് വാങ്ങിയതായും ആക്ഷേപമുണ്ട്. 75രൂപ നിശ്ചയിച്ച് ബോർഡ് സ്ഥാപിച്ചതല്ലാതെ ദേവസ്വം മറ്റ് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്താത്തിയിരുന്നില്ല.