മൂവാറ്റുപുഴ: മൂവാറ്റുപുഴ, പെരുമ്പാവൂർ, കോലഞ്ചേരി, കൂത്താട്ടുകുളം, കോതമംഗലം, പിറവം മേഖലകളിലെ വിവിധ ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും ആയിരക്കണക്കിന് ഭക്തജനങ്ങൾ പിതൃക്കൾക്കായി ബലിയർപ്പിച്ചു. ബലികർമ്മങ്ങൾക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. മിക്കയിടങ്ങളിലും സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ബലിത്തറകൾ സജ്ജീകരിച്ചിരുന്നു.
ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് ആയിരങ്ങൾ
എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന് കീഴിലെ പിതൃതർപ്പണത്തിന് പ്രസിദ്ധമായ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ കർക്കടക വാവുബലിയിട്ടു. പുലർച്ചെ 4ന് ആരംഭിച്ച ബലിതർപ്പണം ഉച്ചയോടെയാണ് സമാപിച്ചത്.
ക്ഷേത്ര സന്നിധിയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരുന്നു ചടങ്ങുകൾ നടന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ബലിയിടുന്നതിന് പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു. ക്ഷേത്രം മേൽശാന്തി രാജേഷ് ശാന്തികൾ മുഖ്യകാർമ്മികത്വം വഹിച്ചു. യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ, വൈസ് പ്രസിഡന്റ് പി.എൻ.പ്രഭ, യൂണിയൻ സെക്രട്ടറി അഡ്വ.എ.കെ.അനിൽകുമാർ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പ്രമോദ് കെ. തമ്പാൻ, അഡ്വ.എൻ.രമേശ്, യൂണിയൻ കൗൺസിലർ അനിൽ കാവുംചിറ , ക്ഷേത്ര കമ്മിറ്റി കൺവീനർ പി. വി. അശോകൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
# ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രത്തിൽ നൂറുകണക്കിന് പേർ ബലിതർപ്പണത്തിനെത്തി. രാവിലെ 5 മുതൽ ആരംഭിച്ച ചടങ്ങുകൾ ഉച്ചയോടെയാണ് അവസാനിച്ചത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ബലിത്തറകളിൽ ഒരുക്കിയിരുന്നു. നാരായണശർമ്മ മുഖ്യകാർമ്മികത്വം വഹിച്ചു.
# വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിൽ ബലിതർപ്പണം നടത്തി. പ്രത്യേകം തയ്യാറാക്കിയ ബലിപ്പുരകളിൽ രാവിലെ 5 മുതൽ ബലിതർപ്പണം തുടങ്ങി. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ഔഷധക്കഞ്ഞി വിതരണം നടന്നു. മേൽശാന്തി പുളിക്കാപ്പറമ്പിൽ ദിനേശൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി.