തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ ഉപദേശകസമിതി ഭാരവാഹികളായി കെ.ജി. മധുസൂദനൻ (പ്രസിഡന്റ്), മേദിനിദേവി (വൈസ് പ്രസിഡന്റ്), പ്രകാശ് അയ്യർ (സെക്രട്ടറി), റിതേഷ് ബാലൻ (ജോയിന്റ് സെക്രട്ടറി), ശിവശങ്കർ പുൽപ്ര (ട്രഷറർ) എന്നിവരടങ്ങിയ 21 അംഗ സമിതിയെ തിരഞ്ഞെടുത്തു. രണ്ട് വർഷത്തേക്കാണ് കാലാവധി.
നിരവധി ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് സമിതിക്ക് അന്തിമരൂപമായത്. ജൂൺ 11ന് ചേർന്ന സമിതി രൂപീകരണയോഗത്തിൽ 29 പേരുടെ പട്ടിക ദേവസ്വം ബോർഡിന് സമർപ്പിച്ചിരുന്നെങ്കിലും സി.പി.എം - സി.പി.ഐ തർക്കവും നിയമപ്രശ്നങ്ങളും മൂലം ഭാരവാഹികളുടെ അംഗീകാരം നീണ്ടു.
പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ പദവികളിലേക്ക് ആദ്യം നിശ്ചയിച്ച മൂന്നുപേരെയും മാറ്റി. സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാർ ഉപദേശകസമിതി ഭാരവാഹിത്വം വഹിക്കേണ്ടെന്ന ഏരിയാകമ്മിറ്റി നിർദേശത്തെത്തുർന്നാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചതെന്നറിയുന്നു. സ്വർണനെറ്റിപ്പട്ടക്കേസിൽ ആരോപണം നേരിടുന്ന മുൻ ഉപദേശകസമിതിയായ സേവാസംഘത്തിന്റെ ഭാരവാഹികൾ കൂടിയായിരുന്ന ഇവരിൽ രണ്ടുപേർ ഭാരവാഹികളായാൽ നിയമയുദ്ധത്തിനും വഴിവെക്കുമെന്ന പ്രശ്നവും ഉണ്ടായി.
22 അംഗ ഭരണസമിതിയിൽ 19 പേരെയാണ് ഭക്തരിൽനിന്ന് തിരഞ്ഞെടുക്കേണ്ടത്. സി.പി.ഐ ഇടഞ്ഞുനിൽക്കുന്നതിനാൽ 18 പേരുടെ പട്ടികയേ കൊച്ചിൻ ദേവസ്വം ബോർഡ് അംഗീകരിച്ചിട്ടുള്ളൂ. മൂന്ന് പേരുകളാണ് സി.പി.ഐ സമർപ്പിച്ചത്. പക്ഷേ രണ്ടുപേരെ മാത്രമാണ് ഉൾപ്പെടുത്തിയത്.
മൂന്നാമത്തെ പ്രതിനിധിയെ വൈകാതെ ഉപദേശക സമിതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ രണ്ട് സി.പി.ഐ പ്രതിനിധികളും രാജിവയ്ക്കുമെന്ന് സൂചനയുണ്ട്. ധാരണ പാലിച്ചില്ലെങ്കിൽ വീട്ടുവീഴ്ചവേണ്ടെന്നാണ് സി.പി.ഐ നിലപാട്.
ത്രിസപ്തതിക്ക് രണ്ടിന് തുടക്കം
കൊച്ചി ദേവസ്വം ബോർഡിന്റെ എഴുപത്തിമൂന്നാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് ഒരുവർഷം നീണ്ടുനിൽക്കുന്ന 'ത്രിസപ്തതി' പരിപാടിക്കും ആഗസ്റ്റ് 2ന് ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ തുടക്കംകുറിക്കും.